പ്രധാനമന്ത്രിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപനത്തിന് പിന്നാലെ കുതിപ്പോടെ ഓഹരി വിപണി. സെന്‍സെക്‌സ് 1050 പോയിന്റ് ഉയര്‍ന്ന് 32427 ആണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റിയും ഉയര്‍ന്നു. നിഫ്റ്റി 300 പോയിന്റ് ഉയര്‍ന്ന് 9497ല്‍ വ്യാപാരം ആരംഭിച്ചു. നിഫ്റ്റി 9500ന് മുകളില്‍ എത്തിയിട്ടുണ്ട്.
ഇന്നലെ രാത്രിയാണ് പ്രധാനമന്ത്രി 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ എന്ന സ്വയം പര്യാപ്ത ഇന്ത്യ പദ്ധതി രാജ്യത്തിന്റെ മൊത്തം ഉത്തേജനത്തിനായാണ് പ്രഖ്യാപിച്ചത്. ഇന്ത്യന്‍ നിര്‍മിത ഉല്‍പ്പന്നങ്ങളുടെ ഉപയോഗം കൂട്ടുക, ഇന്ത്യയില്‍ വിഭവോത്പാദനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യമാണ് പ്രധാനമന്ത്രിക്കുള്ളത്.
കര്‍ഷകര്‍, തൊഴിലാളികള്‍, മത്സ്യതൊഴിലാളികള്‍, മധ്യവര്‍ഗം, വ്യവസായികള്‍ തുടങ്ങിയ രാജ്യത്തെ സകല മേഖലകളേയും സ്പര്‍ശിക്കുന്നതാണ് ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ പദ്ധതി. 5 മുഖ വളര്‍ച്ചയില്‍ ഊന്നുന്നതാണ് പാക്കേജ്. പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുക, സാമ്പത്തിക വ്യവസ്ഥ ഉണര്‍ത്തുക, അടിസ്ഥാന സൗകര്യം വികസിപ്പിക്കുക, സാങ്കേതിക വിദ്യയിലൂന്നിയ സംവിധാനം, ശക്തമായ ജനാധിപത്യം, സമ്പദ് വ്യവസ്ഥയിലെ ആവശ്യകത എന്നിവയാണ് ആഞ്ച് വികസന തൂണുകളായി പ്രധാനമന്ത്രി ഉയര്‍ത്തി കാണിക്കുന്നത്.