തീവണ്ടിക്ക് പിന്നാലെ വിമാനവും

0

രാജ്യത്ത് ലോക്ക് ഡൗണ്‍ തീരുന്നതോടെ വിമാന സര്‍വീസ് ആരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥ തലത്തിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ചൊവാഴ്ച മുതല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുകയാണ്. ഇതിന് ശേഷം വിമാന സര്‍വീസ് കൂടി ആരംഭിക്കുമ്പോള്‍ രാജ്യം മെല്ലെ സാധാരണ നിലയിലേക്ക് എത്തുമെന്നാണ് കരുതുന്നത്.

വിമാന സര്‍വീസ് ആരംഭിക്കുന്നതിനായി പ്രത്യേക മാനദണ്ഡം തയ്യാറാവുന്നുണ്ട്. ശക്തമായ നിരീക്ഷണം, സുരക്ഷാ നിര്‍ദേശങ്ങള്‍ എന്നിവയൊക്കെ ഉണ്ടാകും. ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാണ്. വിമാനത്തിലെ ഭക്ഷണ വിതരണത്തില്‍ നിയന്ത്രണം ഉണ്ടാകും.

ആദ്യഘട്ടത്തില്‍ 25 ശതമാനം മാത്രം റൂട്ടുകളില്‍ മാത്രമാകും സര്‍വീസ് നടത്തുക. മുഖ്യമന്ത്രിമാരുമായുള്ള ചര്‍ച്ചയില്‍ ഇക്കാര്യം ചര്‍ച്ചയാവുന്നുണ്ട്. ഇതിലെ അഭിപ്രായങ്ങളും സര്‍ക്കാര്‍ കണക്കിലെടുക്കും. ഇതിനിടെ തമിഴ്‌നാട്ടിലേക്ക് തല്‍ക്കാലം ട്രെയിന്‍, വിമാന സര്‍വീസ് വേണ്ടെന്ന് മുഖ്യമന്ത്രി പളനിസാമി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി വാര്‍ത്തയുണ്ട്. ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെടുന്ന സംസ്ഥാനങ്ങളും ഈ ആവശ്യക്കാരാണ്.