HomeKeralaജലസ്രോതസുകളിൽ നിന്നുള്ള ചെളി നീക്കൽ ഉടൻ പുനരാരംഭിക്കും

ജലസ്രോതസുകളിൽ നിന്നുള്ള ചെളി നീക്കൽ ഉടൻ പുനരാരംഭിക്കും

തൃശൂര്‍  ജില്ലയിലെ ജലസ്രോതസ്സുകളിൽ നിന്നുള്ള ചെളി നീക്കം ചെയ്യൽ ഉടൻ പുനരാരംഭിക്കും. ഇതിന് വേണ്ട പാസുകൾ ജില്ലാ കളക്ടർ അനുവദിക്കും. 2018, 2019 വർഷങ്ങളിലുണ്ടായ പ്രളയത്തെ തുടർന്ന് നദികളിൽ നിന്നും നീർച്ചാലുകളിൽ നിന്നും ചെളിയും പ്രളയ അവശിഷ്ടങ്ങളും നീക്കം ചെയ്യാൻ ദുരന്ത നിവാരണ നിയമപ്രകാരം സർക്കാർ ഉത്തരവിട്ടിരുന്നു. ഇതിന് തദ്ദേശ സ്ഥാപന സെക്രട്ടറിമാരെ ചുമതലപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിറക്കി. ഈ സമിതിയാണ് ജില്ലാ തലത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.

പുഴകളിൽ നിന്നും തോടുകളിൽ നിന്നും നീക്കം ചെയ്യേണ്ട അവശിഷ്ടങ്ങളുടെ അടിസ്ഥാനവില തദ്ദേശസ്വയംഭരണതല സമിതി നിശ്ചയിക്കും. പൊതു ലേലത്തിലൂടെ ഇതിന്റെ വിൽപ്പന പൂർത്തീകരിക്കുകയും ചെയ്യും. നീക്കം ചെയ്യുന്ന അവശിഷ്ടങ്ങൾ പൊതുസ്ഥലങ്ങളിൽ നിക്ഷേപിക്കാനോ സൂക്ഷിക്കാനോ പാടില്ല. ഇതിന്റെ പൂർണ ഉത്തരവാദിത്വം ലേലം കൈകൊണ്ട വ്യക്തിക്കോ സ്ഥാപനത്തിനോ ആയിരിക്കും. അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിന് വേണ്ടതായ പാസുകൾ ജില്ലാതല സമിതി നിർദ്ദേശ പ്രകാരം ജില്ലാ കളക്ടർ അനുവദിക്കും. അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ചെലവ് ലേലം ചെയ്ത് ലഭിക്കുന്ന തുകയിൽ നിന്നും കണ്ടെത്തണം.

വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയാണ് ജില്ലയിൽ ആദ്യമായി അവശിഷ്ടങ്ങൾ നീക്കി തുടങ്ങിയത്. ‘ഇനി ഞാൻ ഒഴുകട്ടെ’ പദ്ധതിയുടെ ഭാഗമായി കേച്ചേരിപ്പുഴയിൽ നാല് കിലോമീറ്ററോളം ചെളിയും അവശിഷ്ടങ്ങളും നീക്കി. ബാക്കി അഞ്ച് കിലോമീറ്ററിലെ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിനുള്ള നടപടികൾ തുടർന്നുവരുന്നു. നീക്കം ചെയ്ത അവശിഷ്ടങ്ങൾ ലേലം ചെയ്യുന്ന നടപടികളും തുടങ്ങി.

Most Popular

Recent Comments