ഹരിത കേരളം മിഷൻ, ഐ ടി മിഷന്റെ സഹായത്തോടെ ജില്ലയിലെ നീർച്ചാലുകളുടെയും തോടുകളുടെയും ക്വാറികളുടെയും മറ്റ് ജലസ്രോതസ്സുകളുടെയും മാപ്പിങ് നടത്തുന്നു. ജൂൺ മാസത്തിന് മുൻപായി മാപ്പിങ് പൂർത്തിയാകും. ജലസ്രോതസ്സുകളെക്കുറിച്ച് വ്യക്തമായ ധാരണ ഇതോടെ കൈവരുമെന്നാണ് പ്രതീക്ഷ.
ലോക്ക് ഡൗൺ സമയത്ത് പ്രത്യേക പരിശീലനം ലഭിച്ചവരുടെ സഹായത്താലാണ് മാപ്പിങ് പൂർത്തിയാക്കുന്നത്. ഇതിനകം ജില്ലയിൽ ഒൻപത് പേർക്കാണ് പരിശീലനം ലഭിച്ചിട്ടുള്ളത്. ഇവർ മാപ്പ് തയ്യാറാക്കൽ ആരംഭിച്ചു കഴിഞ്ഞു. ഓപ്പൺ സ്ട്രീറ്റ് മാപ്പ് സഹായത്താൽ 43 വിഭാഗങ്ങളായി തിരിച്ചാണ് ജില്ലയിൽ മാപ്പിങ് നടത്തുന്നത്. ഉപഗ്രഹ ചിത്രങ്ങളായി ഫയലുകൾ കൈകാര്യം ചെയ്യും. ജില്ലയിലെ ജല സ്രോതസ്സുകളുടെയും മറ്റും വിവരങ്ങൾ ഇനം തിരിച്ചുള്ള ഉപഗ്രഹ ചാനൽ ചിത്രങ്ങൾ ഐ ടി മിഷനിൽ ലഭ്യമാണ്.
പുഴകളും നീർച്ചാലുകളും എളുപ്പത്തിൽ തിരിച്ചറിയാൻ ഇതിൽ പിങ്ക് വരകൾ നൽകിയിട്ടുണ്ട്. ഇതിൽ കൂടി ജല സ്രോതസ്സുകൾ കണ്ടുപിടിച്ച് വ്യക്തത വരുത്തുകയാണ് പ്രാഥമികമായി ചെയ്യുന്നത്. മാപ്പിങ് ചെയ്യുമ്പോൾ പുഴകളും നീർച്ചാലുകളും റോഡ് മുറിച്ച് കടക്കുകയാണെങ്കിൽ അത്തരം വിവരവും മാപ്പിൽ രേഖപ്പെടുത്തും.
മാപ്പിങ് പൂർത്തിയായാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വിവരങ്ങൾ കൈമാറാനാണ് ജില്ലാ ഹരിത കേരളം മിഷന്റെ തീരുമാനം. ഇതിലൂടെ ഹരിത കേരളം മിഷന്റെ ‘ഇനി ഞാൻ ഒഴുകട്ടെ’ എന്ന പുഴ നവീകരണ കാമ്പയിനും പ്രയോജനം ലഭിക്കുമെന്നാണ് കരുതുന്നത്. വരൾച്ച സമയത്ത് ജലസ്രോതസ്സുകൾ വൃത്തിയാക്കൽ, ആഴം കൂട്ടൽ എന്നിവ നടത്തി അവ ശരിയായ രീതിയിൽ പ്രയോജനപ്പെടുത്തി അടുത്ത പ്രളയ കാലത്തെ തടയാനാകും എന്നാണ് ഹരിത കേരളം മിഷൻ പ്രതീക്ഷിക്കുന്നതെന്ന് ജില്ലാ കോർഡിനേറ്റർ പി എസ് ജയകുമാർ പറഞ്ഞു