ഇളവുകളും നിയന്ത്രണങ്ങളും; സംസ്ഥാന മന്ത്രിസഭ യോഗം ഇന്ന്

0

ലോക്ക് ഡൗണ്‍ നീട്ടുന്ന പശ്ചാത്തലത്തില്‍ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ കുറക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ സംസ്ഥാന മന്ത്രിസഭയുടെ പ്രത്യേക യോഗം ഇന്ന് ചേരും. നിലവിലെ അവസ്ഥ ചര്‍ച്ച ചെയ്യുന്നതിനൊപ്പം നിയന്ത്രണങ്ങളോടെ ഇളവുകള്‍ നല്‍കുന്നതും പരിഗണിക്കും.

ഘട്ടം ഘട്ടമായി ഇളവുകള്‍ എന്നതാണ് സംസ്ഥാനം നിയോഗിച്ച വിദഗ്ദ സമിതിയുടെ ശുപാര്‍ശ. തീവ്രബാധിത പ്രദേശങ്ങള്‍ ഇല്ലാത്ത ജില്ലകളിലായിരിക്കും ഇളവുകള്‍ പ്രഖ്യാപിക്കുക. സ്വകാര്യ വാഹനങ്ങള്‍ക്ക് നിയന്ത്രണങ്ങളോടെ അനുമതി, കൂടുതല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ തുറക്കല്‍, കൂടുതല്‍ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി തുടങ്ങിയവയൊക്കെ അജണ്ടയിലുണ്ട്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും തീരുമാനം.

ഇതിനകം തന്നെ സംസ്ഥാനത്ത് നിരവധി ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക്ക് ധരിക്കണം എന്ന നിബന്ധനയോടെയായിരിക്കും ഇളവുകള്‍. കേരളത്തില്‍ ഇന്നലെ രണ്ടു കോവിഡ് കേസുകള്‍ മാത്രമാണ് റിപ്പര്‍ോട്ട് ചെയ്തത്. 36 പേര്‍ രോഗ മുക്തരാവുകയും ചെയ്തു. സംസ്ഥാനത്ത് കോവിഡ് നിയന്ത്രണത്തിലാണെന്നാണ് പൊതുവെ വിലയിരുത്തുന്നത്. ഇതിന്റെ ആത്മവിശ്വാസത്തിലാണ് ഇളവുകള്‍ നല്‍കുന്നതിനെ കുറിച്ച് പരിഗണിക്കുന്നത്.