തൃശൂർ ജില്ലയിലെ ഉൾപ്രദേശങ്ങളിൽ കളക്ടറും സ്പോർട്ട്സ് മേഖലയിൽ പ്രാവീണ്യം തെളിയിച്ചവരും പങ്കെടുത്തുകൊണ്ട് നടത്തുന്ന കൂട്ടയോട്ടത്തിൻ്റെ രണ്ടാം അധ്യായം ഇരുന്നിലംകോട് സംഘടിപ്പിച്ചു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു കൊണ്ട് 10 കിലോമീറ്റർ കൂട്ടയോട്ടത്തിൽ പങ്കെടുത്തു. കഴിഞ്ഞ മാസം വരന്തരപ്പള്ളി – പാലപ്പിള്ളിയിലും കൂട്ടയോട്ടം സംഘടിപ്പിച്ചിരുന്നു.
എൻ്റുറൻസ് അത്‌ലറ്റ്സ് ഓഫ് തൃശ്ശൂരിൻ്റേയും ജില്ലാ ഭരണകൂടത്തിൻ്റേയും നേതൃത്വത്തിൽ തൃശ്ശൂർ ജില്ലയിലെ വിവിധ മേഖലകളിലുള്ളവരുടെ കായിക ക്ഷമതയും ആരോഗ്യശീലങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും പ്രചരണത്തിനുമായി മാസത്തിൽ ഒരു ഞായറാഴ്ചയാണ് കൂട്ടയോട്ടം നടത്തുന്നത്.
മാസ് ക്ലബ്ബ് ഇരുനിലംകോടിൻ്റെ പങ്കാളിത്തത്തോടെ മുള്ളൂർക്കര പഞ്ചായത്ത് ഗ്രൗണ്ടിൽ നിന്നാരംഭിച്ച് കണ്ണമ്പാറ വെള്ളച്ചാട്ടം വഴി അകമല ഫോറസ്റ്റ് ഓഫീസ് വരെ പോയി അതേ റൂട്ടിൽ തിരിച്ചെത്തി. ചെക്ക് ഡാം പരിസരം, പാറ എന്നീ വഴികളിലൂടെ ഇരുനിലംകോട് ക്ഷേത്ര മൈതാനത്ത് അവസാനിക്കുന്ന രീതിയിൽ 10 കി.മീ ട്രെയിൽ റണ്ണായിരുന്നു നടത്തിയത്. സധാരണ ട്രാക്ക് – റോഡ് റണ്ണുകളിൽ നിന്നും വ്യത്യസ്തമായി കുന്നിൻപ്രദേശങ്ങളിലും കയറ്റിറക്കങ്ങൾ നിറഞ്ഞതുമായ ഭൗമപ്രതലങ്ങളിൽ നടത്തുന്നതാണ് ട്രെയിൽ റൺ.
അമ്മമാരെയും കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് രണ്ട് കിലോമീറ്റർ ഫൺ റണ്ണും ഇതിൻ്റെ ഭാഗമായി നടത്തി. പ്രകൃതിയെ അറിയുക എന്ന ലക്ഷ്യത്തോടെ നടത്തിയ മൺസൂൺ ട്രെയിൽ റണ്ണിൽ നൂറോളം പേരും ഫൺ റണ്ണിൽ അമ്പതോളം പേരും പങ്കെടുത്തു. മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗിരിജ മേലേടത്ത് മുഖ്യാതിഥിയായി പങ്കെടുത്ത് സമ്മാനദാനം നടത്തി. ട്രെയിൽ റൺ പൂർത്തിയാക്കിയ മുതിർന്ന അത്‌ലറ്റ് കൃഷ്ണൻ, ക്രച്ചസിൽ റണ്ണിൽ പങ്കെടുത്ത വിനോദ് എന്നിവർ ഉപഹാരം ഏറ്റുവാങ്ങി.
വാർഡ് മെമ്പർ ഉണ്ണികൃഷ്ണൻ, മാസ് ക്ലബ് പ്രസിഡൻ്റ് പ്രണവ്, ട്രഷറർ സുബിൻ, ഇ.എ.ടി ക്ലബ് സെക്രട്ടറി റീമോൻ ആൻ്റണി, ഇ.എ.ടി അംഗം കെ.ബി ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.