യുവത്വങ്ങൾക്കിടയിലെ അമിത ലഹരി ഉപയോഗം പ്രമേയമാക്കി നിരവധി സിനിമകൾ മുൻപും കണ്ടിട്ടുണ്ട്. എന്നാൽ അതിന്റെ ഭീകരത കൃത്യമായി ആവിഷ്ക്കരിച്ച മറ്റൊരു സിനിമയാണ് ‘ദി റിയൽ കേരളാ സ്റ്റോറി’.
മൊണാർക്ക് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജെ.കെ നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ പുതിയ ചിത്രത്തിൻറെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ആയി. പുതുമുഖങ്ങളായ സിദ്ധാർത്ഥ് ബാബു, ഖുശ്ബു എന്നിവർക്കൊപ്പം സന്തോഷ് കീഴാറ്റൂർ, ശ്രീധന്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുങ്ങുന്ന ചിത്രം മെയ് പകുതിയോടെ തീയേറ്റർ റിലീസിന് എത്തുമെന്ന് സംവിധായകൻ അറിയിച്ചു.
“സേ നോ ടൂ ഡ്രഗ്സ്” എന്ന ടാഗ് ലൈനിൽ പുറത്തിറങ്ങുന്ന ചിത്രം ലഹരിക്കെതിരെ ഉള്ള ബോധവത്കരണമാണ് പറയാൻ ഉദ്ദേശിക്കുന്നത്. സമൂഹത്തിൽ നടക്കുന്ന ചില യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ചിത്രീകരണം പൂർത്തിയാക്കിയ ഈ കുടുംബചിത്രത്തിൻ്റെ കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് സംവിധായകൻ തന്നെയാണ്.
സാധാരണക്കാരുടെ ജീവിതം അതിഭാവുകത്വങ്ങളില്ലാതെ വരച്ചുകാട്ടുന്ന ഈ ചിത്രത്തിൽ സിദ്ധാർത്ഥ് ബാബു, ഖുശ്ബു, സന്തോഷ് കീഴാറ്റൂർ, ശ്രീധന്യ എന്നിവരെ കൂടാതെ പ്രശാന്ത് പുന്നപ്ര, ഡോ. രജിത് കുമാർ, ഹാഷിം ഹുസൈൻ, പ്രസാദ്, ഫാൽഗുനി, ജഗ്രൂതി, സാഗരിക പിള്ള, അനേഹ.എസ്.പിള്ള, പ്രേംകുമാർ മുംബൈ, സജേഷ് നമ്പ്യാർ, ദേവി നായർ, ജീന പിള്ള, ഗൗരി വി. നമ്പ്യാർ, റോവൻ സാം തുടങ്ങി മലയാളം, ഹിന്ദി, മറാത്തി ഭാഷകളിലെ അഭിനേതാക്കളും അണിനിരക്കുന്നു.