ലൈഫ് പദ്ധതി ലോകത്തിന് മാതൃക: മന്ത്രി വി  അബ്ദുറഹിമാൻ

0

സംസ്ഥാനത്തെ എല്ലാ ഭവനരഹിതർക്കും അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുന്ന ലൈഫ് പദ്ധതി ലോകത്തിന് മാതൃകയാണെന്ന് കായിക, വഖഫ് ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. ലൈഫ് പി എം എ വൈ ഗുണഭോക്തൃ സംഗമവും മതിലകം ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ കോൺഫറൻസ് ഹാളും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് 4,51,631 വീടുകളുടെ നിർമാണം പൂർത്തിയാക്കി. 5,47,553 കുടുംബങ്ങളുടെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് സർക്കാർ. കൂടാതെ 95,922 വീടുകളുടെ നിർമ്മാണം വിവിധ ഘട്ടങ്ങളിലാണ്. സംസ്ഥാനത്തെ മുഴുവൻ ഭവനരഹിതർക്കും വീട് വച്ച് നൽകുവാനും തൊഴിൽ ചെയ്ത് ഉപജീവനമാർഗ്ഗം മെച്ചപ്പെടുത്തുന്നതിലും പങ്കാളികളാകുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മതിലകം ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക വിഹിതമായ 64 ലക്ഷം രൂപ വകയിരുത്തിയാണ് കോൺഫറൻസ് ഹാളിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.

ചടങ്ങിന് ഇ.ടി ടൈസൺ എം എൽ എ അധ്യക്ഷത വഹിച്ചു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരിജ, ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡന്റ് എം.എസ് മോഹനൻ, മതിലകം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ, എടവിലങ്ങ് പഞ്ചായത്ത് പ്രസിഡന്റ് നിഷ അജിതൻ, മതിലകം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. മധുരാജ്, സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺമാർ, ലൈഫ് പദ്ധതി ഗുണഭോക്താക്കൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.