*സര്‍വോത്തം സന്‍സ്ഥാന്‍ പുരസ്‌കാരം രണ്ടാം തവണയും നേടി കില
കേന്ദ്ര സര്‍ക്കാരിൻ്റെ പഞ്ചായത്ത് ക്ഷമതാ നിര്‍മ്മാണ്‍ സര്‍വോത്തം സന്‍സ്ഥാന്‍ പുരസ്‌കാരത്തിന് തുടര്‍ച്ചയായി രണ്ടാം തവണയും കില (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍) അര്‍ഹമായി. തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളുടെ കാര്യശേഷി വര്‍ധനവിനും നൈപുണ്യ വികസനം പ്രോത്സാഹിപ്പിക്കുന്നതിനും നടത്തിയ പ്രവര്‍ത്തനങ്ങളിലെ മികവാണ് കിലയ്ക്ക് ദേശീയ പുരസ്‌കാരത്തിന് വഴിയൊരുക്കിയത്.
സമഗ്ര സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട് രാജ്യത്തെ പഞ്ചായത്തീരാജ് പരിശീലന സ്ഥാപനങ്ങളെ വിലയിരുത്തി ദേശീയ പഞ്ചായത്തീരാജ് മന്ത്രാലയം നല്‍കുന്ന പുരസ്‌കാരത്തിന് കേരളത്തില്‍ നിന്നുള്ള ഏക സ്ഥാപനവും കിലയാണ്. 2024 ലും ഈ പുരസ്‌കാരം കില സ്വന്തമാക്കിയിരുന്നു.
കില വഴി നടത്തിയ സീറോ വെയ്സ്റ്റ് ക്യാമ്പയിന്‍ 260 വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യം ഒരുക്കി പട്ടികവര്‍ഗ്ഗ ഉന്നതികളില്‍ നടപ്പിലാക്കിയ ഉന്നതി പ്രോഗ്രാം, തൊഴിലുറപ്പ് പദ്ധതി, ഈ ഗവേണന്‍സ്, കാലാവസ്ഥാമാറ്റ പദ്ധതി, സൗഹൃദ തദ്ദേശ സ്ഥാപനങ്ങള്‍, കനാല്‍ പ്രോജക്ട്, ശ്രീ നാരായണ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വഴി ജനപ്രതിനിധികള്‍ക്കുള്ള പരിശീലന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് കിലയ്ക്ക് ദേശീയ അംഗീകാരം ലഭിക്കുന്നതിന് അവസരമൊരുക്കിയത്. 2022-23 വര്‍ഷത്തില്‍ 4784 പരിശീലനങ്ങളും, 2023-24 വര്‍ഷത്തില്‍ 6450 ഓളം പരിശീലന പരിപാടികളും നടത്താന്‍ കിലയ്ക്ക് കഴിഞ്ഞു.
ഒരു കോടി രൂപ ഗ്രാന്റായി ലഭിക്കുന്ന പുരസ്‌കാരം വഴി സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട് ദേശീയ അന്തര്‍ദേശീയ പദ്ധതികള്‍ നടത്താന്‍ കിലക്ക് കഴിയുമെന്ന് ഡയറക്ടര്‍ ജനറല്‍ എ. നിസാമുദ്ദീന്‍ പറഞ്ഞു. ബിഹാറിലെ മധുബനില്‍ ഏപ്രില്‍ 24 ന് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപഹാരം സമ്മാനിക്കും.
ഓരോ പ്രവര്‍ത്തനങ്ങളും മികവിനുള്ള അംഗീകാരമാണെന്നും പഞ്ചായത്തുകള്‍ക്ക് പുറമെ മികച്ച കുടുംബശ്രീ സി ഡി എസ്സുകള്‍ക്കും ഐ എസ് ഒ അംഗീകാരം നല്‍കുന്നതിനുള്ള പദ്ധതി കില വഴി നടപ്പിലാക്കാന്‍ ശ്രമിക്കുകയാണെന്നും പത്രസമ്മേളനത്തില്‍ കില ഡയറക്ടര്‍ ജനറല്‍ എ. നിസാമുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു. കില രജിസ്ട്രാര്‍ ടോബി തോമസ്, അര്‍ബന്‍ ചെയര്‍ പ്രൊഫ. ഡോ. അജീഷ് കാളിയത്ത്, ഡോ. കെ. രാജേഷ്, കെ.യു സുകന്യ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.