ശുചിത്വ സാഗരം, സുന്ദര തീരം; പദ്ധതിയുടെ രണ്ടാംഘട്ടം ഏപ്രില്‍ 11 ന്

0

തൃശൂർ ജില്ലയിലെ ‘ശുചിത്വ സാഗരം, സുന്ദര തീരം’ പദ്ധതിയുടെ രണ്ടാംഘട്ടമായി ഏകദിന തീര ശുചീകരണ ക്യാമ്പെയിന്‍ ഏപ്രില്‍ 11 ന് നടക്കും. ജില്ലാതല ഉദ്ഘാടനം മതിലകം ഗ്രാമപഞ്ചായത്തിലെ പൊക്ലായി ബീച്ചില്‍ രാവിലെ ഏഴിന് ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ നിര്‍വ്വഹിക്കും. മത്സ്യ സമ്പത്തിൻ്റെ വികസനവും തീരസംരക്ഷണവും ലക്ഷ്യമിട്ട് കടലും കടലോരവും പ്ലാസ്റ്റിക് മുക്തമാക്കി സ്വാഭാവിക ആവാസ വ്യവസ്ഥ പുനഃസ്ഥാപിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് ശുചിത്വ സാഗരം, സുന്ദര തീരം.

അഴീക്കോട് മുതല്‍ ചാവക്കാട് വരെയുള്ള 54 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തീരപ്രദേശത്തെ തെരഞ്ഞെടുത്ത 51 ആക്ഷന്‍ പോയിൻ്റുകളിലായി രാവിലെ എഴ് മുതല്‍ 11 വരെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍, ബോട്ടുടമകള്‍, സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ശുചിത്വ മിഷന്‍, ക്ലീന്‍ കേരള കമ്പനി, സാഫ്, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ഏജന്‍സികള്‍, യുവജന സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതിയുടെ രണ്ടാംഘട്ടം നടപ്പിലാക്കുന്നത്.

പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ശംഖുമുഖം ബീച്ചില്‍ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ്റെ അധ്യക്ഷതയില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വ്വഹിക്കും.