ആദിവാസി യുവാവിൻ്റെ കസ്റ്റഡിമരണം- ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ചെന്നിത്തല

0

കല്‍പ്പറ്റ പോലീസ് കസ്റ്റഡിയിലെടുത്ത ആദിവാസി യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ പോലീസ് സ്‌റ്റേഷനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല . പെണ്‍കുട്ടിക്കൊപ്പം കാണാതായെന്ന പരാതിയിലാണ് അമ്പലവയല്‍ നെല്ലാറച്ചാല്‍ പുതിയ പാടി ഊരിലെ ഗോകുല്‍ എന്ന പതിനെട്ടു കാരനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

രാവിലെ എട്ടുമണിയോടെ സ്‌റ്റേഷനിലെ ശുചിമുറിയില്‍ ഷര്‍ട്ട് ഉപയോഗിച്ച് തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ആധാര്‍പ്രകാരം 18 വയസ് തികയാത്ത യുവാവിനെയാണ് പോലീസ് കസ്റ്റഡിയില്‍ ഒരു ദിവസം പാര്‍പ്പിച്ചത്.

ഈ കേസില്‍ ജുഡീഷ്യല്‍ അന്വേഷണമാണ് ആവശ്യം. ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ല. സാധാരണ കസ്റ്റഡി മരണം അന്വേഷിക്കേണ്ടത് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റാണ്. ഈ വിഷയത്തില്‍ പോലീസിൻ്റെ ഭാഗത്തു നിന്നു ഗുരുതര വീഴ്ച ഉണ്ടായിട്ടുണ്ട്. 18 തികയാത്ത ബാലനോട് രാത്രി മുഴുവന്‍ പോലീസ് സ്‌റ്റേഷനില്‍ നില്‍ക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് മനസിലാകുന്നത്. ബന്ധുക്കളെ മൃതദേഹം കാണിക്കാന്‍ പോലും പോലീസ് കൂട്ടാക്കുന്നില്ലെന്നു പരാതിയുണ്ട് – രമേശ് ചെന്നിത്തല പറഞ്ഞു.

ആശാവർക്കർമാരുടെ കാര്യത്തിൽ സർക്കാർ കാണിക്കുന്നത് ക്രൂരത

സംസ്ഥാനത്ത് കഴിഞ്ഞ 52 ദിവസമായി സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരോട് സംസ്ഥാനസര്‍ക്കാര്‍ ക്രൂരതയാണ് കാട്ടുന്നത് എന്ന് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ഇത്രയും ക്രൂരമായ നിലപാട് എടുക്കുന്നത് എന്തിന് എന്നു മനസിലാകുന്നില്ല. ഈ വിഷയം പാര്‍ട്ടി കോണ്‍ഗ്രസില്‍ സഖാക്കള്‍ ഉന്നയിക്കുമെന്നാണ് പ്രതീക്ഷ. വെറും ദുരഭിമാനവും ധാര്‍ഷ്ട്യവും കൊണ്ടു മാത്രമാണ് മുഖ്യമന്ത്രി ഈ വിഷയം ചര്‍ച്ചയ്ക്ക് എടുക്കാത്തത്.

ആരോഗ്യമന്ത്രി മുന്നു ദിവസം ഇവരോട് കാത്തിരിക്കാന്‍ പറയുന്നത് പാര്‍ട്ടി കോണ്‍ഗ്രസ് കഴിയുന്നതിനു വേണ്ടിയാണ്. ദയവ് ചെയ്ത് ഈ പാവങ്ങളുടെ പ്രശ്‌നം പരിഹരിച്ചു നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സമരം തുടങ്ങി നാലാം തവണയാണ് രമേശ് ചെന്നിത്തല ആശാവർക്കർമാരുടെ സമരപ്പന്തൽ സന്ദർശിക്കുന്നത്.