തൃശ്ശൂർ ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ എക്സൈസ് വിമുക്തി മിഷന്റെയും നേതൃത്വത്തിൽ, സൈക്ലേഴ്സ് തൃശ്ശൂരിന്റെ സഹകരണത്തോടെ സമകാലിക കേരളം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നായ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ കോസ്റ്റൽ സൈക്ലത്തോൺ നടത്തി. ‘സ്പോർട്ട്സാണ് ലഹരി’ എന്ന ലക്ഷ്യത്തോടെ നടത്തിയ കോസ്റ്റൽ സൈക്ലത്തോണിൽ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഫ്ലാഗ് ഓഫ് ചെയ്ത് പങ്കെടുക്കുന്നു.
പുന്നയൂർക്കുളത്ത് നിന്ന് രാവിലെ 8 ന് ആരംഭിച്ച സൈക്ലത്തോൺ വാടാനപ്പള്ളി, സ്നേഹതീരം, വലപ്പാട്, പെരിഞ്ഞനം, എസ്.എൻ പുരം എന്നീ സ്ഥലങ്ങളിലൂടെ കടന്നുപോയി കോട്ടപ്പുറം മുസിരിസ് പാർക്കിൽ ഉച്ചയ്ക്ക് 2.30 ന് അവസാനിച്ചു.
ദേശീയപാതയിലൂടെയും തീരദേശ പാതയിലൂടെയും 80 കി.മീ ദൂരത്തിൽ നടത്തിയ സൈക്ലത്തോണിൽ 50 സൈക്ലിസ്റ്റുകളോടൊപ്പം ജില്ലാ കളക്ടറും പൂർണ്ണമായും പങ്കെടുത്തു. സൈക്ലത്തോൺ സംഘത്തെ പെരിഞ്ഞനത്ത് ഇ.ടി ടൈസൻ മാസ്റ്റർ എം.എൽ.എ യും പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസും മറ്റംഗങ്ങളും ചേർന്ന് സ്വീകരിച്ചു. എസ്എൻ പുരത്ത് പഞ്ചായത്ത് പ്രസിഡൻ്റ് എം.എസ് മോഹനൻ, എസ്.എൻ സൈക്കിൾ സംഘവും ചേന്ന് സ്വീകരിച്ചു.
ഫിനിഷിംഗ് പോയിൻ്റായ കോട്ടപ്പുറം മുസിരിസ് പാർക്കിൽ വി.ആർ സുനിൽകുമാർ എംഎൽഎ, കൊടുങ്ങല്ലൂർ മുനിസിപ്പൽ ചെയർപേഴ്സൺ ടി.കെ ഗീത, കൗൺസിലർമാർ, മുസിരിസ് സൈക്ലേഴ്‌സ് അംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു.
“ലഹരി വിമുക്ത തൃശ്ശൂർ” എന്ന സന്ദേശം പൊതുജനങ്ങളിലേക്കെത്തിക്കുക, ലഹരി ഉപയോഗത്തിനെതിരെയുള്ള ബോധവൽക്കരണ യജ്ഞം സാധാരണക്കാരിലേക്ക് എത്തിച്ചു കൊണ്ട് സാമൂഹിക പ്രതിബദ്ധതയുള്ള പൗരന്മാരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനും സംഘവും സൈക്ലത്തോണിൽ പങ്കെടുത്തത്.
തൃശ്ശൂർ വിമുക്തി മാനേജർ പി.കെ സതീഷ്, വാടാനപ്പിള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബെന്നി ജോർജ്ജ്, ചാവക്കാട് എക്സൈസ് റേഞ്ച് ഓഫീസ് എക്സൈസ് ഇൻസ്പെക്ടർ റിൻ്റോ, കൊടുങ്ങല്ലൂർ എക്സൈസ് സർക്കിൾ ഓഫീസ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ. ബാലസുബ്രഹ്മണ്യൻ, കൊടുങ്ങല്ലൂർ ഡെപ്യൂട്ടി തഹസിൽദാർ കെ.എസ് അജിത, പെരിഞ്ഞനം പഞ്ചായത്ത് സെക്രട്ടറി ശ്രീകുമാർ, തൃശ്ശൂർ സൈക്ലേഴ്‌സ് ക്ലബ് സെക്രട്ടറി ഡാനി വരീദ്, ട്രഷറർ സനോജ് രാജൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.