കൈപ്പറമ്പ് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ പഴമയും പുതുമയും തലമുറ സംഗമം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഉഷാദേവി ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് കെ.എം ലെനിന്‍ അധ്യക്ഷത വഹിച്ചു.
സംഗമത്തിന്റെ ഭാഗമായി പഞ്ചായത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തശ്ശി ചെറിയത്ത് പാറുക്കുട്ടി അമ്മയെ പൊന്നാട അണിയിച്ച് ആദരിച്ചു. പ്രശസ്ത കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപി ആശാനെ അദ്ദേഹത്തിന്റെ വസതിയിലെത്തി പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍, സിഡിഎസ് അംഗങ്ങള്‍, പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് ആദരിച്ചു.
വയോജനങ്ങള്‍ മുതല്‍ കുട്ടികള്‍ വരെ അഞ്ച് തലമുറയെ ഉള്‍ക്കൊള്ളിച്ച സംഗമത്തില്‍ ബാലസഭ അംഗങ്ങളുടെ കലാപരിപാടികള്‍ അരങ്ങേറി. അമല ആശുപത്രിയിലെ ഡോ. ഡിനു എം. ജോയ് വയോജനാരോഗ്യ പരിപാലനത്തെക്കുറിച്ച് ബോധവത്ക്കരണ ക്ലാസ് നല്‍കി.
ചടങ്ങില്‍ പഞ്ചായത്തംഗങ്ങളായ മിനി പുഷ്‌കരന്‍, സുഷിത ബാനിഷ്, സ്‌നേഹ സജിമോന്‍, സിഡിഎസ് അംഗങ്ങളായ ടി.എസ് ഷീജ, കോമളവല്ലി, മിനി അനീഷ്, രാജി രാമദാസ്, ഉഷ പ്രകാശന്‍, അശ്വതി റാഫി, ജിഷ കാര്‍ത്തികേയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ മിഷന്‍ ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരായ സി.എന്‍ നവീന്‍, ഗീതു ആന്റണി, കുടുംബശ്രീ മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റ് ജിത, ഓക്‌സിലറി റിസോഴ്‌സ് പേഴ്‌സണ്‍ കാവ്യ തുടങ്ങിയവര്‍ പങ്കെടുത്തു. സിന്ധു പ്രകാശന്‍ സ്വാഗതവും എം.എസ് ബീന നന്ദിയും പറഞ്ഞു.