ജില്ലയെ സമ്പൂര്‍ണ സാക്ഷരതയില്‍ എത്തിക്കുന്നതിനായി ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ഉല്ലാസ് പദ്ധതിയുടെ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ജില്ലയില്‍ അവശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്തി സാക്ഷരത ലക്ഷ്യം കൈവരിക്കാന്‍ പദ്ധതിയിലൂടെയുള്ള ഇടപെടലുകള്‍ ശക്തിപ്പെടുത്താനാണ് മൂന്നാം ഘട്ടം ലക്ഷ്യമിടുന്നത്.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ സംഘാടകസമിതി യോഗം ജില്ലാ പഞ്ചയത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. തുല്യതാ കോഴ്‌സുകളിലേക്കുള്ള പുതിയ രജിസ്‌ട്രേഷന്‍ ജില്ലാ കളക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
ഡിജിറ്റല്‍ സാക്ഷരത, സാമ്പത്തിക സാക്ഷരത, പരിസ്ഥിതി സാക്ഷരത തുടങ്ങിയവ ഉറപ്പാക്കി ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവര്‍, തീരദേശങ്ങളിലും മലയോര മേഖലകളിലും ഉള്‍പ്പെടെയുള്ള നിരക്ഷരരെ കണ്ടെത്തി അക്ഷര ലോകത്തേക്ക് നയിക്കുകയുമാണ് ലക്ഷ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. വരും ദിവസങ്ങളില്‍ സന്നദ്ധ അധ്യാപകര്‍ക്കായി പരിശീലനം നല്‍കുകയും പഠിതാക്കളെ കണ്ടെത്തി അവര്‍ക്കുള്ള പഠനസാമഗ്രികള്‍ വിതരണം ചെയ്യുകയും ചെയ്യും.
മൂന്നാം ഘട്ടത്തില്‍ ജില്ലയിലെ 7,000 പേര്‍ക്ക് സാക്ഷരത ഉറപ്പാക്കി നൂറുശതമാനം സാക്ഷരത കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്. 251 അംഗ സംഘാടകസമിതിയാണ് ജില്ലയില്‍ രൂപീകരിച്ചിരിക്കുന്നത്. ഇതില്‍ ജില്ലയിലെ മന്ത്രിമാര്‍, എംഎല്‍എമാര്‍, എംപിമാര്‍ രക്ഷാധികാരികളായും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായും, ജില്ലാ കളക്ടര്‍ ചീഫ് കോര്‍ഡിനേറ്ററായും പ്രവര്‍ത്തിക്കും.
വിദ്യാഭ്യാസ ഉപഡയറക്ടര്‍ എ.കെ അജിത കുമാരി, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. ഡി. ശ്രീജ, സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. മനോജ് സെബാസ്റ്റ്യന്‍, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ കെ.എം. സുബൈദ, തദ്ദേശ സ്വയംഭരണ വകുപ്പ് ജൂനിയര്‍ സൂപ്രണ്ട് കെ.എന്‍. രേണുക, വിവിധ പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.