അങ്കണവാടികൾക്ക് ഭൂമി കണ്ടെത്തൽ: അവലോകന യോഗം ചേർന്നു

0

ശ്ശൂർ ജില്ലയിലെ ഭൂമിയില്ലാത്ത അങ്കണവാടികൾക്ക് ഭൂമികണ്ടെത്താനുള്ള നടപടികളുടെ പുരോഗതി വിലയിരുത്താൻ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. ജില്ലയിലെ ആകെയുള്ള 3016 അങ്കണവാടികളിൽ 326 എണ്ണത്തിനാണ് സ്വന്തമായി ഭൂമിയില്ലാത്തത്. ഇതിൽ 25 എണ്ണത്തിന് ഭൂമി ലഭ്യമായിട്ടുണ്ടെന്നും 18 എണ്ണത്തിന് സ്വന്തമായി ഭൂമി ലഭ്യമാകാൻ സാധ്യതകളുണ്ടെന്നും ഐ.സി.ഡി.എസ് സെൽ പ്രോഗാം ഓഫീസർ സുബൈദ യോഗത്തെ അറിയിച്ചു.

ബാക്കിയുള്ള എല്ലാ അങ്കണവാടികൾക്കും സ്വന്തമായി ഭൂമി ലഭ്യമാക്കാനുള്ള സാധ്യതകൾ ആരായാൻ ബന്ധപ്പെട്ട ജനപ്രതിനിധികൾ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥർ എന്നിവരെയുൾപ്പെടുത്തി കാമ്പെയ്ൻ സംഘടിപ്പിക്കാൻ കളക്ടർ നിർദ്ദേശം നൽകി.

ജില്ലയിലെ എല്ലാ അങ്കണവാടികൾക്കും ഈ മാസത്തോടെ വൈദ്യുതി കണക്ഷൻ ലഭ്യമാകും. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി, പഴയന്നൂർ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ രണ്ട് അങ്കണവാടികൾക്കാണ് ഇനി വൈദ്യുതി കണക്ഷൻ ലഭിക്കാനുള്ളത്. ഈ അങ്കണവാടികൾക്ക് ഉടനടി കെ.എസ്.ഇ.ബി കണക്ഷൻ ലഭ്യമാകുമെന്ന് യോഗത്തെ അറിയിച്ചു.

ജില്ലയിലെ എല്ലാ അങ്കണവാടികൾക്കും സ്വന്തമായി ഭൂമി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ മാസവും അവലോകന യോഗം നടക്കുന്നുണ്ട്. ഇതിൻ്റ തുടർച്ചയായിരുന്നു  യോഗം. ജില്ലാ വനിതാ ശിശുവികസന ഓഫീസർ പി.മീര, ഡെപ്യൂട്ടി കളക്ടർ (എൽ.ആർ) എം.സി. ജ്യോതി, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.