തൃശ്ശൂർ ജില്ലയിൽ നിന്നുള്ള 4123 പട്ടയാപേക്ഷകൾ കേന്ദ്ര അനുമതിക്കായി മാർച്ച് 31 നകം പരിവേഷ് പോർട്ടലിൽ സമർപ്പിക്കുമെന്ന് റവന്യു ഭവന നിർമ്മാണ വകുപ്പു മന്ത്രി കെ. രാജൻ പറഞ്ഞു. തൃശ്ശൂർ ജില്ലയിലെ വനംഭൂമി പട്ടയ അപേക്ഷ പുരോഗതി വിലയിരുത്തുന്നതിന് കളക്ടേറ്റിൽ ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലയിലെ വനംഭൂമി പട്ടയം നൽകുന്നതിൻ്റെ ഭാഗമായി വനം, റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന പൂർത്തീകരിച്ചിരുന്ന ഫയലുകൾ കേന്ദ്രാനുമതിക്കായി 1990 കളിൽ സമർപ്പിച്ചിരുന്നു എങ്കിലും ‘ഇംപ്രോപ്പർ’ എന്ന കുറിപ്പോടെ 2005 ൽ തിരിച്ചയക്കുകയായിരുന്നു. പിന്നീട് ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ന്യൂനതകൾ പരിഹരിക്കുന്നതിനായി തഹസിൽദാരുടെ നേതൃത്വത്തിൽ ഒരു സ്പെഷൽ ഓഫീസ് രൂപീകരിക്കുകയും കേന്ദ്രം നിഷ്കർഷിച്ച രീതിയിൽ സർവ്വേ നടത്തി പട്ടയ ഫയലുകൾ ഡിജിറ്റലാക്കി സ്കെച്ച് സഹിതം തയ്യാറാക്കുകയും പർവേഷ് പോർട്ടലിൽ അപ്‌ലോഡിന് സജ്ജമാക്കുകയും ചെയ്തുവെന്ന് മന്ത്രി പറഞ്ഞു.
ഇതിനായി റവന്യു മന്ത്രിയുടെ നേതൃത്വത്തിൽ നിരവധി യോഗങ്ങൾ ചേരുകയും പുരോഗതി വിലയിരുത്തുകയും ചെയ്തു. കേന്ദ്രാനുമതി ലഭിച്ച അപേക്ഷകളിൽ പട്ടയ വിതരണത്തിന് നടപടി എത്രയും വേഗം പൂർത്തീകരിക്കുന്നതിനും അപേക്ഷകരെ കണ്ടെത്താൻ സാധിക്കാത്ത കേസുകളിൽ തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ വഴി അവസാനശ്രമം നടത്തുന്നതിനും മന്ത്രി നിർദേശം നൽകി.
തൃശ്ശൂർ ജില്ലയിൽ നിലവിൽ വനംഭൂമി കൈവശം വച്ചു വരുന്നവരുടെ വിവര ശേഖരണം പൂർത്തീകരിച്ച 9355 ഫയലുകൾ നടപടികൾക്കായി സംസ്ഥാന സർക്കാരിലേക്ക് അയക്കുന്നതിനും യോഗത്തിൽ തീരുമാനമായി.
യോഗത്തിൽ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ടി. മുരളി, ഡെപ്യൂട്ടി കളക്ടർ എം.സി. ജ്യോതി, തഹസിൽദാർമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.