മഹാകുംഭ മേള: ത്രിവേണി ഘട്ടില്‍ വീണ്ടും സ്‌നാനം തുടങ്ങി

0

ബുധനാഴ്ച പുലര്‍ച്ച ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ക്ക് ജീവന്‍ നഷ്ടമായ പ്രയാഗ് രാജിലെ മഹാ കുംഭമേളയില്‍ വീണ്ടും സ്‌നാനം തുടങ്ങി. ആവശ്യമായ സുരക്ഷാ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ത്രിവേണി ഘട്ടില്‍ വീണ്ടും സ്‌നാനം തുടങ്ങിയതെന്ന് അധികൃതര്‍ അറിയിച്ചു.

മരിച്ച 30 പേരില്‍ 25 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 5 പേരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയതായി ഡിഐജി വൈഭവ് കൃഷ്ണ പറഞ്ഞു. സംഭവത്തില്‍ 90 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പെട്ടെന്ന് വലിയ ആള്‍ക്കൂട്ടം ആര്‍ത്തലച്ച് എത്തിയതാണ് അപകടത്തിന് കാരണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ബാരിക്കേഡുകള്‍ മറികടക്കാന്‍ വലിയ ആള്‍ക്കൂട്ടം ശ്രമിച്ചു. സര്‍ക്കാര്‍ എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിയിരുന്നു. മറിച്ചുള്ള ഊഹാപോഹങ്ങള്‍ ജനങ്ങള്‍  വിശ്വസിക്കരുതെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.