കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതിയായ ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രോഗ്രാം തൃശ്ശൂര്‍ വിദ്യാഭ്യാസ ജില്ലയിലെ കുട്ടികള്‍ക്കുള്ള ലൈബ്രറി പുസ്തകങ്ങളുടെ വിതരണം ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നിര്‍വഹിച്ചു. കുട്ടികളുമായി ജില്ലാ കളക്ടര്‍ ആശയവിനിമയം നടത്തി.
സിവില്‍ സര്‍വ്വീസ് തെരഞ്ഞെടുക്കാനുണ്ടായ കാരണം, നേരിട്ട വെല്ലുവിളികള്‍, കേരളത്തില്‍ നിന്നും വിദേശ രാജ്യങ്ങളിലേക്കുള്ള കുട്ടികളുടെ പലായനം തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് കളക്ടര്‍ മറുപടി നല്‍കി. തൃശ്ശൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഡോ. എ. അന്‍സാര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങിന് തൃശ്ശൂര്‍ സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റ് ഹൈസ്‌കൂള്‍ പ്രധാന അധ്യാപിക സിസ്റ്റര്‍ ആഗ്‌നസ് സ്വാഗതവും ഗിഫ്റ്റ് ചില്‍ഡ്രന്‍ പ്രോഗ്രാം കോഡിനേറ്റര്‍ ഡോ. ടി.എസ് ബാബുരാജ് നന്ദിയും രേഖപ്പെടുത്തി.
2023-24 വര്‍ഷത്തെ യുഎസ്എസ് സ്‌കോളര്‍ഷിപ്പില്‍ മികച്ചവിജയം നേടിയ തൃശ്ശൂര്‍ വിദ്യാഭ്യാസ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ 120 കുട്ടികളെയാണ് പദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വിവിധ പ്രസാധകരില്‍ നിന്നും കുട്ടികള്‍ തന്നെ തെരഞ്ഞെടുത്ത പുസ്തകങ്ങളാണ് കുട്ടികള്‍ക്ക് നല്‍കിയത്. ഒരു കുട്ടിക്ക് ഏകദേശം 1500 രൂപയ്ക്കുള്ള പുസ്തകങ്ങളാണ് പദ്ധതിയിലൂടെ ലഭിച്ചത്.
പ്രതിഭാധനരായ വിദ്യാര്‍ത്ഥികള്‍ക്ക് കല, സാഹിത്യം, ഭാഷ, സംസ്‌കാരം, ശാസ്ത്രം, ഗണിതം സാമൂഹ്യശാസ്ത്രം, വിവിധ ജീവിതനൈപുണികള്‍ തുടങ്ങി വ്യത്യസ്ത മേഖലകളിലുള്ള വിദഗ്ധരുടെ ക്ലാസുകളും പദ്ധതി വഴി നല്‍കുന്നുണ്ട്. ഇതോടൊപ്പം കേരള കാര്‍ഷിക സര്‍വകലാശാല, കോളേജ് ഓഫ് ഫോറസട്രി, കൃഷി വിജ്ഞാനകേന്ദ്രം, വിജ്ഞാന്‍ സാഗര്‍ തുടങ്ങിയ വിവിധ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് അവിടെ നടക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ കുട്ടികളെ പരിചയപ്പെടുത്തുകയും ചെയ്തു.
പദ്ധതിയുടെ കീഴിലുള്ള പഠന യാത്രയുടെ ഭാഗമായി തിരുവനന്തപുരം ഐഎസ്ആര്‍ഒ ശാസ്ത്രസാങ്കേതിക മ്യൂസിയം, നിയമസഭാ മന്ദിരം തുടങ്ങിയ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് അവിടെ നടക്കുന്ന പ്രവര്‍ത്തനങ്ങളെ കുട്ടികളെ നേരിട്ട് പരിചയപ്പെടുത്തി. ഗിഫ്റ്റഡ് കുട്ടികളില്‍ നിന്ന് കൂടുതല്‍ മിടുക്കരെ കണ്ടെത്തി അവര്‍ക്ക് ജില്ലാ പ്രതിഭാസംഗമം, സംസ്ഥാന പ്രതിഭാ സംഗമം തുടങ്ങിയ റസിഡന്‍ഷ്യല്‍ ക്യാമ്പുകള്‍ വഴി കൂടുതല്‍ വിദഗ്ധരായ വ്യക്തികളുടെ ക്ലാസുകളും സര്‍വ്വകലാശാല പോലെയുള്ള ഗവേഷണ സ്ഥാപനങ്ങളിലേക്കുള്ള സന്ദര്‍ശനവും ഏര്‍പ്പെടുത്തി കുട്ടികളെ മുഖ്യധാരയിലേക്ക് കൈ പിടിച്ചുയര്‍ത്താനുള്ള വേറിട്ട പ്രവര്‍ത്തനങ്ങളാണ് പദ്ധതി വഴി നടപ്പിലാക്കുന്നത്.