മലയാളിയുടെ മുഴുവന്‍ സ്‌നേഹവും കവര്‍ന്ന് പ്രിയപ്പെട്ട അര്‍ജുന്‍ യാത്ര മതിയാക്കി. യാത്രയെയും വാഹനങ്ങളേയും അതിരറ്റ് സ്‌നേഹിച്ചിരുന്ന ആ ഡ്രൈവറുടെ മടക്കയാത്ര മലയാളിയെ ഒന്നടങ്കം കരയിച്ചു.
കണ്ണാടിക്കലിലെ വീട്ടുവളപ്പില്‍ ഒരുക്കിയ ചിതയില്‍ നാട്ടുകാരുടേയും വീട്ടുകാരുടേയും പ്രിയപ്പെട്ട അര്‍ജുന്‍ കത്തിയമരുമ്പോള്‍ ആയിരങ്ങളാണ് സാക്ഷിയായത്. സഹോദരന്‍ അഭിജിത്ത് ചിതക്ക് തീ കൊളുത്തി. അര്‍ജുന്റെ മകന്‍ അപ്പോള്‍ നിര്‍ത്താതെ കരയുകയായിരുന്നു.
75 ദിവസത്തെ കാത്തിരിപ്പിന് ശേഷമാണ് അര്‍ജുന്‍ കണ്ണാടിക്കലിലെ വീട്ടിലേക്ക് മടങ്ങിയെത്തിയത്. ചേതനയറ്റ ശരീരമായി. ഷിരൂരിലെ ഗംഗാവലി പുഴയില്‍ നിന്ന് കണ്ടെടുത്ത ലോറിയും ഉള്ളിലുണ്ടായിരുന്ന അര്‍ജുന്റെ ശരീരാവശിഷ്ടങ്ങളും ആശ്വാസവും അതിലേറെ സങ്കടവും നല്‍കുന്നതായിരുന്നു.
അപകടം ഉണ്ടായ അന്നുമുതല്‍ അര്‍ജുനായി നിലകൊണ്ട ലോറി ഉടമ മനാഫ്, സ്ഥലം എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍, ജീവന്‍ പണയം വെച്ചും കുത്തൊഴുകുന്ന ഗംഗാവലി പുഴയില്‍ മുങ്ങി പരിശോധന നടത്തിയ ഈശ്വര്‍ മാല്‍പെ തുടങ്ങിയ എണ്ണമറ്റ മനുഷ്യ സ്‌നേഹികളുടെ അശ്രാന്ത പരിശ്രമത്തിലാണ് ചേതനയറ്റ ശരീരമെങ്കിലും കണ്ണാടിക്കലിലെ വീട്ടിലെ പ്രിയപ്പെട്ടവരുടെ അരികിലേക്ക് എത്തിയത്.
ഇന്നലെ രാത്രിയോടെ ഷിരൂരില്‍ നിന്ന് മൃതദേഹവുമായി യാത്ര തുടങ്ങിയ ആംബുലന്‍സിനെ കേരള സംസ്ഥാന അതിര്‍ത്തിയായ തലപ്പാടിയില്‍ വെച്ച് മന്ത്രി എ കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി. കെ കെ രമ എംഎല്‍എ, തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ, കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പം ഉണ്ടായി. നേരത്തെ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തും മൃതദേഹത്തെ സ്വീകരിച്ചു.
രാവിലെ ഒന്‍പത് മണിയോടെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചു. ആയിരങ്ങള്‍ എത്തിയതോടെ പൊതുദര്‍ശന സമയം നീണ്ടു. കണ്ണാടിക്കല്‍ ഗ്രാമം മുഴുവന്‍ ആ വീട്ടിലെത്തിയിരുന്നു. കൂടാതെ അന്യ നാട്ടുകാരും.