കേരള അതിര്‍ത്തി അടച്ച കര്‍ണാടകത്തിന് തിരിച്ചടി. കാസര്‍കോട്-മംഗളുരു ദേശീയ പാത തുറന്നു കൊടുക്കണമെന്ന് കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയ കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തില്ല. കേരള, കര്‍ണാടക ചീഫ് സെക്രട്ടറിമാരും കേന്ദ്ര ആരോഗ്യ-ഗതാഗത സെക്രട്ടറിമാരും ചര്‍ച്ച ചെയ്ത് പരിഹാരം കാണണമെന്നാണ് സുപ്രീംകോടതി നിര്‍ദേശം. കേരള ഹൈക്കോടതി ഉത്തരവിനെതിരെ കര്‍ണാടക നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി നിര്‍ദേശം.
ഹൈക്കോടതി ഉത്തരവിന് താല്‍ക്കാലിക സ്‌റ്റേ വേണമെന്നായിരുന്നു കര്‍ണാടകയുടെ വാദം. എന്നാല്‍ താല്‍ക്കാലിക സ്‌റ്റേ ഇല്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി , അത്യാവശ്യ വാഹനങ്ങള്‍ കടത്തി വിടേണ്ടിവരുമെന്നും അറിയിച്ചു. ഏതൊക്കെ വാഹനങ്ങള്‍ എന്ന് തീരുമാനിക്കാനാണ് ചീഫ് സെക്രട്ടറി തല ചര്‍ച്ച നടത്തമെന്ന നിര്‍ദേശം. കേസ് ഈമാസം ഏഴിന് വീണ്ടും പരിഗണിക്കും.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നല്‍കിയ ഹര്‍ജി കോടതി പരിഗണിച്ചില്ല.
സുപ്രീംകോടതി വിധി ആശ്വാസകരമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. കര്‍ണാടകയുമായി ചേര്‍ന്ന് മാര്‍ഗരേഖ ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.