വയനാട് മുണ്ടക്കൈ ദുരന്തത്തില്‍ സന്നദ്ധ സംഘടനകളും പ്രദേശവാസികളും സംയുക്തമായി നടത്തിയ ജനകീയ തിരച്ചിലില്‍ നാല് മൃതദേഹങ്ങളും ഒരു ശരീരഭാഗവും കണ്ടെത്തി. സൂചിപ്പാറ കാന്തന്‍പാറയില്‍ നിന്നാണ് മരക്കൂട്ടങ്ങള്‍ക്കിടയില്‍ തിരിച്ചറിയാനാകാത്ത നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഹെലികോപ്റ്റര്‍ മാര്‍ഗത്തിലൂടെ മൃതദ്ദേഹങ്ങള്‍ എയര്‍ലിഫ്റ്റ് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു. ഇതോടെ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 408 ആയി.
ദുരന്തമേഖലയെ ആറായി തിരിച്ച് ചൂരല്‍മല , മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നീ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ജനകീയ തിരച്ചില്‍ നടത്തിയത്. ബന്ധുക്കളും നാട്ടുകാരുമായ 190 പേര്‍ തിരച്ചിലിന് നേതൃത്വം നല്‍കി. മുണ്ടക്കൈയിലെ രണ്ടിടത്ത് മണ്ണിനടിയില്‍ നിന്ന് ദുര്‍ഗന്ധം വന്നതോടെ മൃതദ്ദേഹമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഹിറ്റാച്ചി ഉപയോഗിച്ച് മണ്ണ് നീക്കി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
എഡിജിപി എം ആര്‍ അജിത് കുമാറിന്റെ നേതൃത്വത്തില്‍ ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്ത് സൂക്ഷ്മ പരിശോധന നടത്തി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാളത്തെ വയനാട് സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള സുരക്ഷാ ക്രമീകരണത്തെ തുടര്‍ന്ന് ഉച്ചവരെ മാത്രമാണ് ജനകീയ തിരച്ചില്‍ നടത്തിയത്. വിപുലമായ ജനകീയ തിരച്ചില്‍ ഞായറാഴ്ച നടത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ വയനാടിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. വയനാട് ദുരന്തം ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം മുന്നോട്ടു വയ്ക്കുമെന്നും മന്ത്രി അറിയിച്ചു.
* നാല് മൃതദേഹങ്ങളും ഒരു ശരീരഭാഗവും കണ്ടെത്തി
* മരണം 408 ആയി
* ഞായറാഴ്ച വിപുമായ ജനകീയ തിരച്ചില്‍
* പ്രധാനമന്ത്രി നാളെ വയനാട്ടില്‍
* പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി