HomeWorldAsiaഇടക്കാല സര്‍ക്കാരിനെ പ്രഫ. മുഹമ്മദ് യൂനുസ് നയിക്കണം: ബംഗ്ലദേശ് വിദ്യാര്‍ഥി പ്രസ്ഥാനം

ഇടക്കാല സര്‍ക്കാരിനെ പ്രഫ. മുഹമ്മദ് യൂനുസ് നയിക്കണം: ബംഗ്ലദേശ് വിദ്യാര്‍ഥി പ്രസ്ഥാനം

ബംഗ്ലദേശില്‍ രൂപീകരിക്കുന്ന ഇടക്കാല സര്‍ക്കാരിനെ നൊബേല്‍ ജേതാവ് പ്രഫ. മുഹമ്മദ് യൂനുസ് നയിക്കണമെന്ന നിര്‍ദേശവുമായി വിവേചന വിരുദ്ധ വിദ്യാര്‍ഥി പ്രസ്ഥാനം. സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വിഡിയോ സന്ദേശത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഷെയ്ഖ് ഹസീന രാജിവച്ചതിനു ശേഷം 24 മണിക്കൂറിനുള്ളില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് വിദ്യാര്‍ഥി പ്രസ്ഥാനം ആവശ്യപ്പെട്ടിരുന്നു.

ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദീന്‍ അനുവാദം നല്‍കി. സൈനിക വിഭാഗങ്ങളുടെ തലവന്മാര്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍, പൗരപ്രമുഖര്‍ എന്നിവരുമായി പ്രസിഡന്റ് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്. ഇതിനു ശേഷമാണ് സര്‍ക്കാര്‍ എങ്ങനെയാവണമെന്ന നിര്‍ദേശം തങ്ങള്‍ നല്‍കുമെന്ന് വിദ്യാര്‍ഥി നേതാക്കള്‍ അറിയിച്ചതും പ്രൊഫ.മുഹമ്മദ് യൂനുസ് സര്‍ക്കാരിനെ നയിക്കണമെന്ന് സമൂഹ മാധ്യമത്തിലൂടെ ആവശ്യപ്പെട്ടതും.

ഹസീന രാജിവച്ച് രാജ്യം വിട്ടതോടെ ബംഗ്ലദേശിന് രണ്ടാം സ്വാതന്ത്ര്യം ലഭിച്ച പ്രതീതിയാണ് ഉള്ളതെന്ന് പ്രൊഫ.മുഹമ്മദ് യൂനുസ് പ്രതികരിച്ചു. 2006 ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചത് ഇദ്ദേഹത്തിനായിരുന്നു . ബംഗ്ലാദേശ് സാമ്പത്തിക ശാസ്ത്രജ്ഞനും ഗ്രാമീണ്‍ ബാങ്കിന്റെ സ്ഥാപകനുമാണ് യൂനുസ്. പാവങ്ങള്‍ക്ക് ജാമ്യവസ്തു ഇല്ലാതെ തന്നെ ചെറുകിട വായ്പകള്‍ നല്‍കി അതിലൂടെ അവരെ സാമ്പത്തിക സ്വയം പര്യാപ്തത നേടാന്‍ സഹായിക്കുന്ന ഒരു ധനകാര്യസ്ഥാപനമാണ് ഗ്രാമീണ്‍ ബാങ്ക്.

Most Popular

Recent Comments