HomeKeralaഭൂകമ്പത്തിൽ  നിയമപരമായ നഷ്ടപരിഹാരം നല്‍കുന്നതിന് നടപടി സ്വീകരിക്കും – മന്ത്രി കെ രാജന്‍

ഭൂകമ്പത്തിൽ  നിയമപരമായ നഷ്ടപരിഹാരം നല്‍കുന്നതിന് നടപടി സ്വീകരിക്കും – മന്ത്രി കെ രാജന്‍

തൃശൂര്‍, പാലക്കാട് ജില്ലകളില്‍ സമീപ ദിവസങ്ങളിലുണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് റവന്യൂ തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയുടെ അടിസ്ഥാനത്തില്‍ നിയമപരമായ നഷ്ടപരിഹാരം നല്‍കുന്നതിന് നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ നിയമസഭയില്‍ പറഞ്ഞു. എ സി മൊയ്തീന്‍ അവതരിപ്പിച്ച സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
ഭൂകമ്പത്തെ ദേശീയ ദുരന്തമായി അംഗീകരിച്ചിട്ടുണ്ട്. ഭൂകമ്പങ്ങളുടെ പ്രഭവ കേന്ദ്രങ്ങളും, ഭൂകമ്പം അനുഭവപ്പെട്ടു എന്ന് പൊതുജനങ്ങൾ അറിയിച്ച സ്ഥലങ്ങളും പരിശോധിച്ചിരുന്നു. ഇതുപ്രകാരം, കേരളത്തിലെ പെരിയാർ ഭ്രംശപാളി, കേരള ഭ്രംശപാളി എന്നിവയുമായി ബന്ധപ്പെട്ട ചെറു ചലനം ആണ് ഇവ എന്നും, നിരന്തരം ചെറു ചലനങ്ങൾ ഉണ്ടാകുന്ന ദേശമംഗലം പ്രദേശത്തോട് ചേർന്ന പ്രദേശങ്ങളാണ് ഇവ എന്നും വ്യക്തമായിട്ടുണ്ട്.
ദേശമംഗലം മുതൽ ഇടുക്കി വരെ നീളുന്ന ഭ്രംശമേഖലയിൽ നേരത്തേയും ചലനങ്ങൾ ഉണ്ടായിട്ടുള്ളതാതാണ്. ഭൂചലനത്തിൽ ആദ്യം 3.0 ഉം ശേഷം 2.9 ഉം ആണ്  രേഖപ്പെടുത്തിയിട്ടുള്ളത്.  ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. എങ്കിലും ഭൂചലനങ്ങൾ പ്രവചിക്കുന്നതിന് നിലവിൽ സാങ്കേതികവിദ്യകൾ ഇല്ലാത്ത സാഹചര്യത്തിൽ, പ്രദേശത്ത് ആവശ്യമായ ജാഗ്രത പുലർത്തുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇക്കാര്യത്തിൽ ജനങ്ങൾക്ക് ഉണ്ടാകുന്ന ആശങ്ക ദൂരീകരിക്കുന്നതിനും സ്വീകരിക്കേണ്ടതായ മുൻകരുതലുകൾ സംബന്ധിച്ച് പൊതുജനങ്ങൾക്ക് ബോധവത്കരണം നടത്തുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കുവാനും എവിടെയെങ്കിലും പ്രത്യേക സാഹചര്യങ്ങൾ ഉള്ളതായി അറിവായാൽ ഉടൻ തന്നെ അവിടെ ഗ്രാമപഞ്ചായത്ത്, ജിയോളജി വിഭാഗം ഉദ്യേഗസ്ഥർ ഉൾപ്പെടെയുള്ളവർ സഹിതം സന്ദർശനം നടത്തി റിപ്പോർട്ട് ചെയ്യുവാനും തഹസിൽദാർമാർക്കും തദ്ദേശ സ്വയംഭരണ ജോയിന്റ് ഡയറക്ടര്‍ക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
ആശങ്കപ്പെടേണ്ടതായ സാഹചര്യമില്ലായെങ്കിലും ആശുപത്രികളും, ഫയർ ഫോഴ്സ് വിഭാഗവും എപ്പോഴും സജ്ജരായിരിക്കണമെന്നും ഒഴിവു ദിനങ്ങളിലും റവന്യൂ, ഫയർ ഫോഴ്സ്, ജിയോളജി, പോലീസ്, ഹെൽത്ത് തുടങ്ങിയ പ്രധാനപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ സ്ഥലത്ത് ഉണ്ടായിരിക്കണമെന്നും നിർദ്ദേശം നല്‍കിയിട്ടുള്ളതായും മന്ത്രി അറിയിച്ചു.

Most Popular

Recent Comments