കേരളത്തിൽ ലോകസഭ തിരഞ്ഞെടുപ്പിൽ ആദ്യമായി താമര വിരിയിച്ച സൂപ്പർതാരം സുരേഷ് ഗോപിക്ക് കേന്ദ്രമന്ത്രി സ്ഥാനം ലഭിക്കും. ഇക്കാര്യം സുരേഷ് ഗോപിയെ ദേശീയ നേതൃത്വം അറിയിച്ചു. ഞായറാഴ്ച നരേന്ദ്ര മോദി സർക്കാർ അധികാരമേൽക്കുമ്പോൾ സുരേഷ് ഗോപിയും സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന സൂചനയുണ്ട്.
ഇന്ന് ഡൽഹിയിൽ ചേർന്ന എൻഡിഎ പാർലമെൻ്റ് അംഗങ്ങളുടെ യോഗത്തിൽ സുരേഷ് ഗോപി പങ്കെടുത്തിരുന്നു. മൂന്നാം മോദി സർക്കാരിൻ്റെ രൂപീകരണം ചർച്ച ചെയ്ത യോഗത്തിലാണ് നേതാക്കൾ മന്ത്രിയാവാനുള്ള ക്ഷണം കേരള എംപിക്ക് നൽകിയത്.
യോഗത്തിൽ ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു, ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക് നാഥ് ഷിൻഡെ തുടങ്ങിയ എൻഡിഎ നേതാക്കൾ പങ്കെടുത്തു. എൻഡിഎ സർക്കാരിനും നരേന്ദ്ര മോദിക്കും പൂർണ പിന്തുണ പ്രഖ്യാപിച്ച നേതാക്കൾ പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തുകയും ചെയ്തു. ബിജെപി അധ്യക്ഷൻ ജെ പി നദ്ദ, പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ള നേതാക്കളും യോഗത്തിൽ സംസാരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വലിയ വരവേൽപ്പാണ് ലഭിച്ചത്. മോദി മോദി വിളികളോടെ എംപിമാർ മോദിയെ വരവേറ്റു.
യോഗം നരേന്ദ്ര മോദിയെ പാർലമെൻ്ററി പാർടി നേതാവായി തെരഞ്ഞെടുത്തു. രാജ് നാഥ് സിംഗ് മോദിയുടെ പേര് പറഞ്ഞപ്പോൾ അമിത് ഷായും നിതിൻ ഗഡ്കരിയും പിന്താങ്ങി.
തിരുവനന്തപുരത്ത് ശക്തമായ മത്സരം കാഴ്ചവെക്കുകയും ശശി തരൂർ എംപിയെ വിറപ്പിച്ച ശേഷം പരാജയപ്പെട്ട മന്ത്രി രാജീവ് ചന്ദ്രശേഖറിനേയും മന്ത്രിസഭയിലേക്ക് പരിഗണിച്ചേക്കും. തമിഴ് നാട് പാർടി അധ്യക്ഷൻ അണ്ണാമലേയും കേ.ന്ദ്രമന്ത്രി ആയേക്കും എന്നാണ് സൂചന.