HomeKeralaസംഗീതം കുളിര്‍മഴയായി പെയ്തിറങ്ങി, മനം നിറച്ച് രഘൂസ് വയലിന്‍ ക്ലാസ് വിദ്യാര്‍ത്ഥി ദിനാഘോഷം

സംഗീതം കുളിര്‍മഴയായി പെയ്തിറങ്ങി, മനം നിറച്ച് രഘൂസ് വയലിന്‍ ക്ലാസ് വിദ്യാര്‍ത്ഥി ദിനാഘോഷം

മഴ തോര്‍ന്നു നിന്ന ദിനത്തില്‍ സംഗീതമഴ പെയ്തിറങ്ങി. വയലിനും മൃദംഗവും തബലയും ഹൃദയങ്ങളോട് സല്ലപിച്ചു. മനസ്സുകളില്‍ പുതിയ താളം അലതല്ലി. എല്ലാറ്റിനും അകമ്പടിയായി രഘു എന്ന വയലിന്‍ ഗുരുവിൻ്റെ നേതൃ പാടവവും.

തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തിൻ്റെ ശ്രീ പദ്മം ഓഡിറ്റോറിയം നിറഞ്ഞു കവിഞ്ഞ സഹൃദയര്‍ മടങ്ങിപ്പോയത് കണ്ണും മനസ്സും നിറയെ സംഗീത മഴയുടെ നനവുമായാണ്. അത്രമേല്‍ ഹൃദ്യമായ ഒരു ദിനം. അത്രമേല്‍ കുളിരായി സംഗീതം പെയ്തിറങ്ങിയ ദിനം. ജൂണ്‍ രണ്ടിന് ഇരുപത്തൊന്നാം വാര്‍ഷികാഘോഷമായിരുന്നു രഘൂസ് വയലിന്‍ ആൻ്റ് മനൂസ് മ്യൂസിക്ക് ക്ലാസിന്.

വാര്‍ഷികാഘോഷവും വിദ്യാര്‍ത്ഥി ദിനവുമാണ് ഞായറാഴ്ചയെ വേറിട്ടതാക്കിയത്. സംഗിത വിരുന്ന്, താളത്തിൻ്റെ മേച്ചില്‍ പുറങ്ങളിലൂടെയുള്ള സഞ്ചാരം, മ്യൂസിക്ക് തെറാപ്പിയുടെ സാധ്യതകള്‍, കൂടാതെ സ്വരസുധ എന്ന വയലിന്‍ വാദനത്തെ കുറിച്ചുള്ള പുസ്തക പ്രകാശനവും.

രഘൂസ് വയലിന്‍ ക്ലാസിൻ്റെ നട്ടെല്ലായ ബി രഘുവാണ് വര്‍ഷങ്ങളുടെ പ്രയത്‌നം കൊണ്ട് സ്വരസുധ എന്ന പുസ്തകം രചിച്ചത്. വയലിന്‍ പഠനത്തെ കുറിച്ചുള്ള ഒരു പക്ഷേ ആദ്യ മലയാള പുസ്തകം. ആകാശവാണി സ്റ്റാഫ് ആര്‍ടിസ്റ്റായ എ ഇ വാമനന്‍ നമ്പൂതിരി പ്രകാശനം ചെയ്തു.

സാഹിത്യ ചര്‍ച്ചകള്‍ക്കായി ആരംഭിക്കുന്ന ദ്വാദശി ലിറ്റററി ഫോറത്തിൻ്റെ പ്രഖ്യാപനവും ഉണ്ടായി. ശ്രീ കേരളവര്‍മ കോളേജിലെ സംസ്‌കൃതം മുന്‍ അധ്യാപകനായ പ്രൊഫ. എന്‍ ഡി കൃഷ്ണനുണ്ണിയുടെ പേരിലാണ് ഫോറം.

പാടും പാതിരി എന്നറിയപ്പെടുന്ന ഫാ. ഡോ. പോള്‍ പൂവത്തിങ്കലിൻ്റെ മ്യൂസിക്ക് തെറാപ്പിയെ കുറിച്ചുള്ള ക്ലാസ് അതി മനോഹരമായി. അദ്ദേഹം വാതാപി ഗണപതി എന്ന കീര്‍ത്തനം ആലപിക്കുക കൂടി ചെയ്തതോടെ എല്ലാവരുടേയും മനം നിറഞ്ഞു. അകമ്പടിയായി വയലിന്‍ വായിച്ച ബി രഘു തന്ത്രികളില്‍ മാന്ത്രികത നിറച്ചു.

വിദ്യാര്‍ത്ഥികളുടെ സമയമായിരുന്നു പിന്നീട്. തുടക്കക്കാര്‍ മുതലുള്ളവര്‍ അരങ്ങത്ത് തങ്ങളുടെ വരവറിയിച്ചു. മത്സര വേദിയല്ല സദസ്സിനെ അഭിമുഖീകരിക്കാനുള്ള പരിശീലനം മാത്രമാണ് പഠിതാക്കള്‍ക്ക് നല്‍കുന്നതെന്ന് ഗുരുക്കന്മാര്‍ ഓര്‍മ്മിപ്പിച്ചു.

താളത്തെ കുറിച്ചുള്ള ശ്രീഹരി മേനോൻ്റെ ക്ലാസ് വലിയ അറിവാണ് പകര്‍ന്നത്. മൃദംഗത്തിലെ അദ്ദേഹത്തിൻ്റെ വര്‍ഷങ്ങളുടെ പരിചയം സദസ്സിന് പുത്തന്‍ അനുഭവമായി. തബലയില്‍ ദീപക്കും ശിഷ്യന്മാരും അവതരിപ്പിച്ച പെരുക്കം കോരിത്തരിപ്പിച്ചു. തബല വിരാസത്ത് എന്ന് പേരിട്ട പരിപാടിയില്‍ ആറ് പേരാണ് തബല വായിച്ചത്. അകമ്പടിയായി ഹാര്‍മോണിയവും.

ബി രഘുവും ഭാര്യ മനീഷയും വിദ്യാലയത്തിലെ കുട്ടികളും ഒന്നിച്ചിരുന്നുള്ള വയലിന്‍ വാദനത്തോടെയായിരുന്നു ഒരു പകല്‍ നീണ്ട വാര്‍ഷികാഘോഷം സമാപിച്ചത്. രഘുവിൻ്റെ വയലിനില്‍ നിന്ന് പെയ്തിറങ്ങിയ കീര്‍ത്തനങ്ങള്‍ അദ്ഭുതത്തോടെ സദസ്സ് വീക്ഷിച്ചു. വയലിനിലെ മഹാ പ്രതിഭകളുടെ നിരയിലേക്ക് അദ്ദേഹവും ശിഷ്യരും എത്തുമെന്ന് ഉറപ്പാണ്. പരിപാടി അവതരിപ്പിച്ച എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റ് വിതരണവും ഉണ്ടായി.

Most Popular

Recent Comments