ശുദ്ധ സംഗീതത്തിൻ്റെ രണ്ട് പതീറ്റാണ്ട്, രഘൂസ് വയലിന്‍ ക്ലാസ് വാര്‍ഷികം ജൂണ്‍ 2ന്

0

2003ല്‍ വിരലില്‍ എണ്ണാവുന്നവര്‍ക്ക് ശുദ്ധ സംഗീതം പകര്‍ന്നു നല്‍കിയാണ് ബി രഘു എന്ന കമ്പനി സെക്രട്ടറി തൻ്റെ സംഗീത സ്ഥാപനത്തിന് തുടക്കം കുറിച്ചത്. മനസ്സിലുള്ള സംഗീതം പുതു തലമുറക്ക് കൈമാറുക എന്ന ഉദ്ദേശം മാത്രമായിരുന്നു മനസ്സില്‍.

കാല്‍നൂറ്റാണ്ടിലേക്ക് അടുക്കുമ്പോള്‍ ഇവിടെ നിന്ന് സംഗീതം പഠിച്ചിറങ്ങിയത് നൂറുകണക്കിന് പേരാണ്. ഏതാണ്ട് മുന്നൂറോളം പേര്‍ ഇപ്പോള്‍ ഇവിടെ വയലിനിലും വായ്പാട്ടിലും ഓടക്കുഴലിലുമായി പഠനം തുടരുന്നു. ഇവരില്‍ എല്‍കെജി വിദ്യാര്‍ത്ഥി മുതല്‍ ഷഷ്ഠി പൂര്‍ത്തി കഴിഞ്ഞവരും ധാരാളം.

ഗുരുമുഖത്ത് നിന്ന് പഠിക്കുന്ന രീതിയാണ് രഘൂസ് വയലിന്‍ ക്ലാസിലും മനൂസ് മ്യൂസിക്ക് ക്ലാസിലും. ശുദ്ധമായ കര്‍ണാടക സംഗീതം അതിൻ്റെ തനിമ ചോരാതെ പഠിതാക്കളിലേക്ക് എത്തുന്നു എന്ന് ഗുരുക്കന്മാര്‍ ഉറപ്പു വരുത്തുന്നു. ഇക്കാര്യത്തില്‍ യാതൊരു വിധ വിട്ടു വീഴ്ചക്കും രഘു എന്ന സംഗീത അധ്യാപകന്‍ തയ്യാറല്ല.

എംകോമും എംബിഎയും കമ്പനി സെക്രട്ടറി കോഴ്‌സായ എ സി എസും നേടിയിട്ടുള്ള രഘുവിന് വയലിനില്‍ ബിരുദാനന്തര ബിരുദവും ഉണ്ട്. ആകാശവാണി ഗ്രേഡ്, മ്യൂസിക്ക് തെറാപ്പിയില്‍ ഡിപ്ലോമ എന്നിവയും സ്വന്തം. കൂടാതെ തൃശൂരിലെ പ്രശസ്ത സംഗീത വിദ്യാലയങ്ങളിലെ വയലിന്‍ ഗുരുവുമാണ്. രണ്ട് പതീറ്റാണ്ടായി ദേശീയ- അന്തര്‍ദേശീയ സംഗീത വേദികളില്‍ പരിപാടികള്‍ അവതരിപ്പിക്കുന്നു.

കേരള സംഗീത നാടക അക്കാദമിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സാരംഗ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സിൻ്റെ കീഴിലാണ് എല്ലാ പ്രവര്‍ത്തനങ്ങളും. സാരംഗിൻ്റെ ഡയറക്ടറാണ് രഘു. എല്ലാത്തിനും കൂട്ടായി കമ്പ്യൂട്ടര്‍ എഞ്ചിനീയറും വയലിന്‍ വാദകയുമായ ഭാര്യ മനീഷയും ഉണ്ട്. മനീഷ ഇപ്പോള്‍ ജോലിയില്‍ നിന്ന് വിട്ട് സംഗീതത്തില്‍ ബിരുദാനന്തര ബിരുദം നേടാനുള്ള പഠനത്തിലാണ്. തൃശൂര്‍ തിരുവമ്പാടി അമ്പലത്തിന് സമീപമാണ് രഘുവിൻ്റെ സംഗീത വിദ്യാലയം പ്രവര്‍ത്തിക്കുന്നത്.

തുഛമായ ഫീസ് മാത്രമാണ് സാരംഗിൻ്റെ കീഴിലുള്ള എല്ലാ പഠനങ്ങള്‍ക്കും ഈടാക്കുന്നത്. സംഗീത ബോധവും പഠിക്കാനുള്ള ആഗ്രഹവും ഉണ്ടെങ്കില്‍ ഈ സ്ഥാപനം നിങ്ങളുടെ മുന്നില്‍ വാതായനങ്ങള്‍ തുറന്നിടും.

ജൂണ്‍ രണ്ടിന് ഇരുപത്തൊന്നാം വാര്‍ഷികാഘോഷത്തിന് ഒരുങ്ങുകയാണ് രഘൂസ് വയലിന്‍ ആൻ്റ് മനൂസ് മ്യൂസിക്ക് ക്ലാസ്. ഈ വര്‍ഷത്തെ വാര്‍ഷികാഘോഷം തിരുവമ്പാടി ദേവസ്വത്തിൻ്റെ ശ്രീ പദ്മം ആഡിറ്റോറിയത്തില്‍ ജൂണ്‍ രണ്ടിന് രാവിലെ 9.30 മുതല്‍ ഉച്ചതിരിഞ്ഞ് 3.30 വരെയാണ്.

വിപുലമായ പരിപാടികളാണ് വാര്‍ഷികാഘോഷത്തിൻ്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്.  ഫാ. ഡോ. പോള്‍ പൂവത്തിങ്കലിൻ്റെ സോദാഹരണ പ്രഭാഷണവും ആലാപനവും ദീപക്ക് അവതരിപ്പിക്കുന്ന തബല വാദനം, ശ്രീഹരി മേനോൻ്റെ റിഥം ഓഫ് മ്യൂസിക്ക് ക്ലാസ് തുടങ്ങിയവ ഉണ്ടാകും. കൂടാതെ ഇവിടുത്തെ വിദ്യാര്‍ത്ഥികളുടെ സംഗീത പരിപാടികളും ആഘോഷത്തിൻ്റെ ഭാഗമാണ്.

വയലിന്‍ പഠനത്തിനായി രഘു ബി മലയാളത്തില്‍ തയ്യാറാക്കിയ സ്വരസുധ എന്ന സംഗീത ഗ്രന്ഥത്തിൻ്റെ പ്രകാശനം ചടങ്ങില്‍ ഉണ്ടാകും. മലയാളത്തില്‍ ആദ്യമായാണ് ഇത്തരമൊരു ഗ്രന്ഥം പുറത്തിറങ്ങുന്നത്.

പുതിയ ഒട്ടേറെ പദ്ധതികള്‍ രഘുവിൻ്റെ മനസ്സിലുണ്ട്. സാഹിത്യ സംഗീത ചര്‍ച്ചക്കും പഠനത്തിനുമായി ആഴ്ചയില്‍ ഒരിക്കല്‍ എല്ലാവര്‍ക്കും കൂടിച്ചേര്‍ന്നിരിക്കാവുന്ന അവസരം ഉണ്ടാക്കാനുള്ള ശ്രമം ആരംഭിക്കുകയാണ്. അക്ഷരശ്ലോകം പഠനവും ഇതിൻ്റെ ഭാഗമായുണ്ടാകും. ഇനിയും ഏറെയുണ്ട് ഈ സംഗീതജ്ഞൻ്റെ സ്വപ്‌നങ്ങളില്‍. അതിനായുള്ള ശ്രമങ്ങള്‍ നിശബ്ദമായി തുടരുന്നു. പരാതികളില്ലാതെ നിറഞ്ഞ ചിരിയുമായി.