മിഡ് വൈഫുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് ഉച്ചകോടി

0

പ്രസവസമയത്തുണ്ടാകുന്ന മാതൃ-ശിശു മരണ നിരക്ക് കുറയ്ക്കുന്നതിനും അമ്മയുടെയും കുഞ്ഞിൻ്റേയും ആരോഗ്യ പരിചരണം കുറ്റമറ്റതാക്കുന്നതിനും മിഡ് വൈഫുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് കൊച്ചിയില്‍ ചേര്‍ന്ന മിഡ് വൈവ്സ് ഫോര്‍ വുമണ്‍ ഉച്ചകോടി അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ മിഡ് വൈവ്സ് സൊസൈറ്റിയും കൊച്ചിയിലെ ബര്‍ത്ത് വില്ലേജും സംയുക്തമായാണ് ഉച്ചകോടി സംഘടിപ്പിച്ചത്.

ഫെര്‍ണാണ്ടെസ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്സൻ ഡോ. എവിറ്റ ഫെര്‍ണാണ്ടെസ് മുഖ്യ പ്രഭാഷണം നടത്തി. അന്താരാഷ്ട്രതലത്തിലുള്ള വിദ്യാഭ്യാസവും പരിശീലനവും നേടിയ മിഡ് വൈഫുകളുടെ സേവനം തെലങ്കാനയില്‍ സൃഷ്ടിച്ച മാറ്റം അവര്‍ ചൂണ്ടിക്കാട്ടി. ആഗോളതലത്തിലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഇവരുടെ സേവനം പ്രയോജനപ്പെടുത്തിയ കേസുകളില്‍ മാതൃ മരണം കുറവാണെന്ന് മനസിലാക്കാന്‍ സാധിക്കും. ഇത്തരത്തിലുള്ള സേവനം നാം കൂടുതല്‍ പ്രയോജനപ്പെടുത്തിയാല്‍ പ്രസവകാലത്തെ മാതൃ മരണ നിരക്ക് കുറയ്ക്കാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു.

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ സ്വാഭാവിക പ്രസവത്തേക്കാള്‍ കൂടുതല്‍ സിസേറിയന്‍ ആണ് നടക്കുന്നത്. കേരളത്തിലെ ചില ആശുപത്രികളില്‍ നടത്തിയ സര്‍വേയില്‍ 30 നോര്‍മല്‍ ഡെലിവെറി നടക്കുമ്പോള്‍ സിസേറിയന്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് 150 ഓളമാണെന്ന് പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത വിദഗദ്ധർ ചൂണ്ടിക്കാട്ടി.

ട്രൈബല്‍ ഹെല്‍ത്ത് ഇനിഷ്യേറ്റീവ് സഹ സ്ഥാപക ഡോ. ലളിത റെജി, കോട്ടയം ഗവ. നഴ്സിങ് കോളജ് മുൻ അസി. പ്രൊഫസര്‍ ഏലിയാമ്മ അബ്രഹാം, മുതിര്‍ന്ന അഭിഭാഷക ലിസ് മാത്യു, റേണു സൂസന്‍ തോമസ് എന്നിവര്‍ സംസാരിച്ചു. പാനല്‍ ചര്‍ച്ചയില്‍ ഡോ. ഉഷ, രതി ബാലചന്ദ്രന്‍, മീന കെ, വനീസ മെയ്സ്റ്റര്‍, പയോഷ്നി ജെയിന്‍, റീന, ഹരീഷ് ഉത്തമന്‍ എന്നിവര്‍ പങ്കെടുത്തു.