താന്‍ എംപിയായി വിജയിച്ചാല്‍ കേരളം കാത്തിരിക്കുന്ന എയിംസും ഐടി പാര്‍ക്കും പാലക്കാട് പ്രവര്‍ത്തനം തുടങ്ങുമെന്ന് പാലക്കാട് ലോകസഭ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍. ഒറ്റപ്പാലം മണ്ഡലത്തിലെ പെരുമ്പറമ്പ് പേരൂരില്‍ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലക്കാടിൻ്റെ ആരോഗ്യ രംഗത്തിന് വളര്‍ച്ചയുണ്ടായിട്ടില്ല. ഇപ്പോഴും രോഗികള്‍ മറ്റ് ജില്ലകളേയോ അതിര്‍ത്തി സംസ്ഥാനങ്ങളേയോ ആശ്രയിക്കേണ്ട ഗതികേടിലാണ്. ഇതിന് മാറ്റം വരണം. അതുകൊണ്ട് തന്നെ പാലക്കാട് എയിംസ് കൊണ്ടുവരിക തന്നെ ചെയ്യും.
പാലക്കാട് ഒരു ഐടി പാര്‍ക്ക് വരേണ്ടത് ഇന്നത്തെ കാലത്തിൻ്റെ ആവശ്യമാണ്. ഇക്കാര്യത്തില്‍ ഒരു നടപടിയും നിലവിലെ എംപിയോ മുന്‍ എംപിമാരോ ചെയ്തിട്ടില്ല. നമ്മുടെ യുവാക്കള്‍ക്ക് നാട്ടില്‍ തന്നെ ജോലി കിട്ടുന്ന അവസരം ഉണ്ടാവണം. ഐടി പാര്‍ക്കും വരും.
കാര്‍ഷിക ജില്ലയായ പാലക്കാടിനായി പ്രത്യേക കാര്‍ഷിക പാക്കേജ് കൊണ്ടുവന്നു നടപ്പാക്കും. കഞ്ചിക്കോട്ടെ തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കാനാവശ്യമായ നടപടികള്‍ ഉണ്ടാകും. ജില്ലയുടെ സമഗ്ര വികസനത്തിനായുള്ള പ്രവര്‍ത്തനങ്ങളിലൂടെ വികസിത പാലക്കാട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കും എന്ന് സി കൃഷ്ണകുമാര്‍ പറഞ്ഞു.
ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ പി രഘുനാഥ് ഉദ്ഘാടനം ചെയ്തു. നരേന്ദ്ര മോദി സര്‍ക്കാരിൻ്റെ മുഖമുദ്ര ജനക്ഷേമവും വികസനവും ആകുമ്പോള്‍ കോണ്‍ഗ്രസിൻ്റേത് രാജ്യദ്രോഹവും അഴിമതിയും ആണെന്ന് രഘുനാഥ് പറഞ്ഞു.
ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി വേണുഗോപാല്‍, വൈസ് പ്രസിഡണ്ട് കെ വി ജയന്‍ മാസ്റ്റര്‍, ടി ശങ്കരന്‍കുട്ടി, പി മണികണ്ഠന്‍, എ സരൂപ്, സി സുമേഷ് തുടങ്ങിയവര്‍ സംസാരിച്ചു.