രാജ്യവും ലോകവും കാത്തിരിക്കുന്ന അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങ് നാളെ. ഇതിനായുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. ചടങ്ങിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രമുഖര്‍ക്കായി അതി ശക്തമായ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
ശ്രീരാമ ജന്മഭൂമിയിലെ പ്രാണപ്രതിഷ്ഠ ചടങ്ങിനായി അയോധ്യയും പരിസരവുമെല്ലാം പൂര്‍ണമായും ഒരുങ്ങി. പഴുതടച്ച സുരക്ഷയാണ് സുരക്ഷ സേനകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ചടങ്ങിനായി ക്ഷണിച്ച അതിഥികളും തീര്‍ത്ഥാടകരും എത്തിത്തുടങ്ങി.
പ്രാണപ്രതിഷ്ഠക്ക് മുന്നോടിയായുള്ള അനുഷ്ഠാനങ്ങള്‍ ഇന്ന് പൂര്‍ത്തിയായിട്ടുണ്ട്. മുഖ്യ പ്രതിഷ്ഠക്കായി സ്ഥാപിച്ച വിഗ്രഹം ഔഷധ കൂട്ടുകളാല്‍ സ്‌നാനം ചെയ്യിക്കും. 114 കുടം വെള്ളത്തിലാണ് സ്‌നാനം.
പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യ യജമാനനായാണ് ചടങ്ങ് നടക്കുക. ഏതാണ്ട് 84 സെക്കന്റിലെ ശുഭ മുഹൂര്‍ത്തത്തിലാവും പ്രാണപ്രതിഷ്ഠ നടക്കുക. ചടങ്ങിന് മുന്‍പ് പരമാവധി ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുകയാണ് നരേന്ദ്ര മോദി. തമിഴ്‌നാട്ടിലുള്ള അദ്ദേഹം ഇന്നും ക്ഷേത്രദര്‍ശനങ്ങള്‍ തുടരും.