വിദ്യാഭ്യാസ ധനസഹായ പദ്ധതിയായ ”ടുഗെതര്‍ ഫോര്‍ തൃശൂര്‍” 497 കുട്ടികള്‍ക്ക് കരുതലാവുന്നു. കോവിഡ് മൂലം മാതാപിതാക്കളോ അവരിലൊരാളോ നഷ്ടപ്പെടുകയും കുടുംബത്തിൻ്റെ വരുമാനം നിലച്ചതുമായ ജില്ലയിലെ കുട്ടികളുടെ തുടര്‍ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ നടപ്പാക്കിയതാണ് പദ്ധതി.
കുടുംബത്തിൻ്റെ ഏക വരുമാന ദാതാവ് നഷ്ടപ്പെട്ടതും പഠനത്തില്‍ മികവ് പുലര്‍ത്തുന്നവരുമായ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സ്‌പോണ്‍സര്‍മാരെ കണ്ടെത്തി സാമ്പത്തിക സഹായം എത്തിച്ച് പഠനം തുടരുന്നതിനും ഭാവി സുരക്ഷിതമാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. 2023 മെയ് 20നാണ് പദ്ധതി ആരംഭിച്ചത്.
കഴിഞ്ഞ ഏഴ് മാസത്തില്‍ കണ്ടെത്തിയ അര്‍ഹരായ മുഴുവന്‍ കുട്ടികള്‍ക്കും സഹായം എത്തിക്കാനായി. ജില്ലയ്ക്കകത്തും പുറത്തുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിവിധ കോഴ്‌സുകള്‍ ചെയ്യുന്ന കോളജ്, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കാണ് തുടര്‍ പഠനത്തിന് സഹായം ഒരുക്കിയത്. പദ്ധതിയുടെ പ്രാരംഭഘട്ടത്തില്‍ തൃശൂര്‍ ജില്ലയിലെ കുട്ടികള്‍ക്കാണ് ധനസഹായം ലഭ്യമാക്കിയത്. എന്നാല്‍ നിലവില്‍ മറ്റു ജില്ലകളിലെ സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളതും പഠനമികവ് പുലര്‍ത്തുന്നതുമായ കുട്ടികളും പദ്ധതിയുടെ ഗുണഭോക്താക്കളാണ്.
ജില്ലാ കലക്ടര്‍ മുന്‍പാകെ ലഭിക്കുന്ന അപേക്ഷകളില്‍ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് മുഖേന വിശദമായി അന്വേഷണം നടത്തി വിദ്യാര്‍ഥികളുടെ പഠന മികവും സാമ്പത്തിക സ്ഥിതിയും പരിശോധിച്ച് പട്ടിക തയ്യാറാക്കുന്നു. തുടര്‍ന്ന് കലക്ടര്‍ കുട്ടികളെ നേരില്‍ കണ്ട് വിവരങ്ങള്‍ ആരാഞ്ഞ് അര്‍ഹരാണെന്ന് ഉറപ്പാക്കിയതിനു ശേഷമാണ് മുന്‍ഗണന ക്രമത്തില്‍ സഹായം നല്‍കിയത്. കൂടാതെ കലക്ടര്‍ മുഖാന്തരം വിവിധ കോളജുകള്‍ കുട്ടികളുടെ ഫീസ് പൂര്‍ണമായോ ഭാഗികമായോ ഒഴിവാക്കി നല്‍കിയിട്ടുമുണ്ട്.
വിദ്യാര്‍ഥികള്‍ക്കു പുറമെ കോവിഡ് മൂലം ഭര്‍ത്താവ് നഷ്ടപ്പെട്ട നാല് സ്ത്രീകള്‍ക്കും സഹായം ലഭിച്ചു. ധനസഹായം ലഭിക്കുന്ന കുട്ടികള്‍, ഭാവിയില്‍ കഷ്ടത അനുഭവിക്കുന്ന കുട്ടികള്‍ക്ക് സഹായകമാകണമെന്ന ഉറപ്പോടെയാണ് ജില്ലാ കലക്ടര്‍ ഓരോ കുട്ടിക്കും സഹായം കൈമാറിയത്. നിരാലംബരായ അമ്മമാര്‍ക്കും കുടുംബങ്ങള്‍ക്കും കരുതലാവാനും കഴിഞ്ഞിട്ടുണ്ട്.