തൃശൂർ -കോഴിക്കോട് റോഡിലെ ഗതാഗത കുരുക്ക് അഴിക്കുന്നതിന് നടപടികൾ തുടങ്ങുന്നു. ഇതിൻ്റെ ഭാഗമായി ഏറെ നാളായി ആഗ്രഹിക്കുന്ന മുണ്ടൂർ – പുറ്റേക്കര കുപ്പിക്കഴുത്ത് റോഡ് നാലുവരിയാക്കും. സ്ഥലം ഏറ്റെടുത്ത് റോഡ് വികസിപ്പിക്കാൻ 96.47 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.
തൃശ്ശൂർ – കുറ്റിപ്പുറം (സംസ്ഥാന പാത 69) റോഡിൽ മുണ്ടൂർ മുതൽ പുറ്റേക്കര വരെ നാലുവരിപ്പാതയാക്കി റോഡ് വികസനം യാഥാർത്ഥ്യമാക്കണമെന്ന് ജനങ്ങളുടെ ഏറെ നാളത്തെ ആഗ്രഹമാണ്. ചിലരുടെ രാഷ്ട്രീയ സ്വാധീനവും പിടിവാശിയും മൂലമാണ് വർഷങ്ങളായി ഇവിടെ വികസനം സാധ്യമാവാതെ നിന്നത്. പുറംപോക്കിൽ വീടും വ്യാപാര സ്ഥാപനങ്ങളും നടത്തുന്നവർ വളഞ്ഞ വഴിയിലൂടെ വികസനം മുടക്കുകയായിരുന്നു. ഇതിനാണ് ഇപ്പോൾ പരിഹാരം ആകുന്നത്.
ആവശ്യമായ സ്ഥലം ഏറ്റെടുത്ത് നാലുവരിപ്പാതയായി റോഡ് വികസനം നടത്താൻ 96.47 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി നൽകി. സ്ഥലം ഏറ്റെടുപ്പിനായി മാത്രം 56.99 കോടി രൂപയാണ് അനുവദിച്ചത്. തദ്ദേശ സ്ഥാപനങ്ങൾ, കെ എസ് ഇ ബി എന്നിവയുടെ യൂട്ടിലിറ്റി ഷിഫ്റ്റിങിനായി 60.37 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
ഭരണാനുമതി ലഭ്യമായ സാഹചര്യത്തിൽ സാമൂഹ്യ ആഘാത പഠനത്തിനും, സ്ഥലം ഏറ്റെടുപ്പിനുമുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ അറിയിച്ചു.
സംസ്ഥാന പാത 69 ൽ 1.8 കിലോമീറ്റർ വരുന്ന മുണ്ടൂർ – പുറ്റേക്കര ഭാഗം റോഡിന് വീതി കുറവായതിനാൽ കുപ്പിക്കഴുത്ത് ആവുകയും, ഒട്ടനവധി അപകടങ്ങൾക്ക് കാരണമാവുകയുമാണ്.