വരുന്ന ലോകസഭ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ തന്നെ മത്സരിക്കും. ഇക്കാര്യം കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തേയും തിരഞ്ഞെടുപ്പ് സമിതിയേയും അറിയിക്കും. ഇതോടെ കേരളത്തിൽ എൽഡിഎഫ് നേതൃത്വം ആശങ്കയിലായി.
രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശില്‍ മത്സരിക്കണമെന്ന് നേരത്തെ യുപിസിസി ആവശ്യപ്പെട്ടിരുന്നു. രാഹുല്‍ വന്നാല്‍ യുപിയില്‍ ചെറിയ പ്രതീക്ഷയെങ്കിലും ഉണ്ട് എന്നാണ് നിഗമനം. അല്ലെങ്കില്‍ ഒരു സീറ്റ് പോലും നേടാനാകില്ല. പ്രത്യേകിച്ചും അയോധ്യ ക്ഷേത്രം കൂടി തുറക്കുന്ന സാഹചര്യത്തില്‍.
രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതിനെതിരെ ഇടതു പാര്‍ടികള്‍ എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു. രാഹുല്‍ വയനാട്ടില്‍ മത്സരിച്ചാല്‍ കേരളത്തില്‍ ഇടതു പാര്‍ടികള്‍ക്ക് നിലം തൊടാന്‍ ആകില്ലെന്ന് അവര്‍ക്കറിയാം. വയനാട് സീറ്റുളള സിപിഐക്കാണ് കൂടുതല്‍ വിഷമം. നേരിട്ടല്ലാതെ സിപിഎമ്മും ഇക്കാര്യം അറിയിച്ചിരുന്നു.
ഇടതു പാര്‍ടികള്‍ക്ക് ആകെ പ്രതീക്ഷയുള്ള സ്ഥലമാണ് കേരളം. കഴിഞ്ഞ തവണ രാഹുല്‍ വയനാട്ടില്‍ മത്സരിച്ചപ്പോള്‍ 20ല്‍ 19ഉം യുഡിഎഫ് നേടിയിരുന്നു. ഇക്കുറി ഭരണ വിരുദ്ധ വികാരം കൂടി ശക്തമായുള്ളപ്പോള്‍ ഉളള ഒരു സീറ്റ് കൂടി നിലനിര്‍ത്താനാകില്ല എന്ന തിരിച്ചറിവ് കൂടി സിപിഎമ്മിനുണ്ട്. കേരളത്തില്‍ സീറ്റ് കിട്ടിയില്ലെങ്കില്‍ ലോകസഭയില്‍ പ്രാതിനിധ്യം ഇല്ലാത്ത അവസ്ഥയാകും സിപിഎമ്മിനും സിപിഐക്കും.