കെപിസിസി മാര്‍ച്ചിന് നേരെ പൊലീസ് അക്രമം, കെ സുധാകരന്‍ ആശുപത്രിയില്‍

0

കെപിസിസി നേതൃത്വത്തില്‍ നടത്തിയ ഡിജിപി ഓഫീസ് മാര്‍ച്ചിന് നേരെ പൊലീസ് അതിക്രമം. നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെയും ടിയര്‍ ഗ്യാസ് , ജലപീരങ്കി ആക്രമണം.

അതിക്രമത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. നേതാക്കള്‍ പ്രസംഗിച്ചു കൊണ്ടിരിക്കേയാണ് പൊലീസ് ആക്രമണം നടത്തിയത്. കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, രമേശഅ ചെന്നിത്തല, ശശി തരൂര്‍ എംപി, കൊടിക്കുന്നില്‍ സുരേഷ് എംപി, മാത്യു കുഴല്‍നാടന്‍ തുടങ്ങിയ പ്രമുഖരൊക്കെ ആ സമയം വേദിയില്‍ ഉണ്ടായിരുന്നു.

കെ സുധാകരൻ്റെ പ്രസംഗം കഴിഞ്ഞ വി ഡി സതീശന്‍ സംസാരിച്ചു കൊണ്ടിരിക്കേയാണ് പൊടുന്നനെ പൊലീസ് വേദിയിലേക്ക് ടിയര്‍ ഗ്യാസ് എറിഞ്ഞത്. ഒന്നല്ല നിരനിരയായി ഷെല്ലുകള്‍ വേദിയിലും പരിസരത്തും വീണ് പൊട്ടി. പിന്നാലെ അതി ശക്തമായി ജലപീരങ്കി പ്രയോഗവും. ഇതോടെ നേതാക്കള്‍ അടക്കം പലര്‍ക്കും അസ്വാസ്ഥ്യം അനുഭവപ്പെട്ടു. പലരും ബോധരഹിതരായി.

ചികിത്സക്കായി അമേരിക്കയിലേക്ക് പോകാനിരുന്ന കെ സുധാകരന്‍ ഏറെ ബുദ്ധിമുട്ടിലായി. ശ്വസിക്കാന്‍ പോലും പറ്റാത്ത സ്ഥിതിയായതിനെ തുടര്‍ന്ന് ഉടന്‍ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.

ആദ്യം ചിതറിയോടിയ പ്രവര്‍ത്തകര്‍ ഇതോടെ സംഘടിച്ച് തിരിച്ചെത്തി. വീണ്ടും പോലീസ് ജലപീരങ്കി പ്രയോഗവും ടിയര്‍ ഗ്യാസ് പ്രയോഗവും നടത്തിയതോടെ. പ്രവര്‍ത്തകര്‍ കിട്ടിയതെല്ലാം വലിച്ചെറിഞ്ഞു. യാതൊരു പ്രകോപനവും ഇല്ലാതെയാണ് പൊലീസ് അക്രമം എന്ന് ശശി തരൂര്‍ എംപി പറഞ്ഞു. ഇതിനെതിരെ ലോകസഭ സ്പീക്കര്‍ക്കും പാര്‍ലമെന്റ് പ്രിവിലേജ് കമ്മിറ്റിക്കും പരാതി നല്‍കുമെന്നും ശശി തരൂര്‍ പറഞ്ഞു.

കെപിസിസി അധ്യക്ഷനെ ഉന്നം വെച്ചുള്ള ആക്രമണമാണ് നടന്നതെന്ന് സംശയമുണ്ടെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ പറഞ്ഞു. അദ്ദേഹത്തിൻ്റെ ആരോഗ്യം ചികിത്സ ആവശ്യപ്പെടുന്ന സമയത്ത് തന്നെയാണ് ഈ അക്രമം നടന്നത്. അതും വേദിക്കുള്ളിലേക്ക്. ഇതിന് ഉത്തരം പറയേണ്ടി വരിക തന്നെ ചെയ്യുമെന്നും എംഎല്‍എ പറഞ്ഞു.