ഇറങ്ങുന്നതിനിടെ മെട്രോ ട്രെയിനിൻ്റെ വാതിലില്‍ സാരി കുടുങ്ങിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ സ്ത്രീ മരിച്ചു. ഡല്‍ഹി സ്വദേശിനി റീനയാണ് മരിച്ചത്.
ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെ ഡല്‍ഹി മെട്രോയിലാണ് അപകടം. വാതിലില്‍ കുടുങ്ങിയ സാരി വേര്‍പെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ മെട്രോ മുന്നോട്ട് എടുക്കുകയായിരുന്നു. അപായ സൂചന കിട്ടി വണ്ടി നിര്‍ത്തിയെങ്കിലും ഇതിനിടയില്‍ ഇവരേയും വലിച്ചിഴച്ച് കുറച്ച് ദൂരം പോയിരുന്നു. തലക്കും നെഞ്ചിനും ഗുരുതരമായ പരിക്കേറ്റ റീനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച മരണമടഞ്ഞു.
ആംബുലന്‍സില്‍ അടുത്തുള്ള ദീപ് ചന്ദ് ബന്ധു ആശുപത്രിയിലേക്കാണ് ആദ്യം കൊണ്ടുപോയെങ്കിലും വെൻ്റിലേറ്റര്‍ സൗകര്യം ലഭ്യമല്ലാത്തതിനാല്‍ മടക്കി. റാം മനോഹര്‍ ലോഹിയ, ലോക് നായക് ആശുപത്രികളിലും കൊണ്ടുപോയെങ്കിലും ഇതേ കാരണത്താല്‍ അവിടേയും പ്രവേശനം നിഷേധിച്ചു. അവസാനം സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും റീനയുടെ സ്ഥിതി അതി ഗുരുതരമായിരുന്നു.
ഡല്‍ഹി മെട്രോക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. റീനയുടെ മൃതദേഹം സ്വീകരിക്കാതെ ബന്ധുക്കളും പ്രതിഷേധത്തില്‍ ചേര്‍ന്നു. ഒത്തുതീര്‍പ്പിനെ തുടര്‍ന്നാണ് മൃതദേഹം കൊണ്ടുപോയത്. മതിയായ നഷ്ടപരിഹാരം ഡല്‍ഹി മെട്രോ നല്‍കണമെന്ന് റീനയുടെ ഭര്‍തൃ സഹോദരി മോണിക്ക സോങ്കര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ മെട്രോ റെയില്‍വേ സേഫ്റ്റി കമ്മീഷണര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
റീനയുടെ ഭര്‍ത്താവ് നേരത്തെ മരണപ്പെട്ടിരുന്നു. 10 വയസ്സുള്ള ഹീറ്റന്‍, 12 കാരിയായ റിയ എന്നിവരാണ് മക്കള്‍.