ഇന്ത്യന്‍ നാവികരെ ഒഴിവാക്കുന്നതിൻ്റെ ഭാഗമായി ജല പഠനത്തിനും വിതരണത്തിനുമായി ഇന്ത്യയുമായി ഉണ്ടാക്കിയ കരാറില്‍ നിന്ന് പിന്മാറാന്‍ മാലിദ്വീപ്. 2019ല്‍ മാലിദ്വീപ് സന്ദര്‍ശന വേളയില്‍ നരേന്ദ്ര മോദിയും മാലിദ്വീപ് പ്രസിഡണ്ടായിരുന്ന ഇബ്രാഹിം സോലിഹുും ഒപ്പിട്ടതാണ് കരാര്‍.
ചൈനയുമായി അടുപ്പമുള്ളയാളാണ് ഇപ്പോഴത്തെ മാലിദ്വീപ് പ്രസിഡണ്ട് മുഹമ്മദ് മുയ്‌സു. താന്‍ അധികാരത്തില്‍ വന്നാല്‍ ഇന്ത്യന്‍ നാവികരെ രാജ്യത്ത് നിന്ന് ഒഴിവാക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. അധികാരത്തില്‍ വന്ന അന്ന് തന്നെ ഇക്കാര്യം വീണ്ടും പ്രഖ്യാപിക്കുകയും ചൈനീസ് വിധേയത്വം പ്രകടിപ്പിക്കുകയും ചെയ്തു. ഇതിൻ്റെ തുടര്‍ച്ചയാണ് കരാര്‍ റദ്ദാക്കുമെന്ന പ്രഖ്യാപനം.
കരാര്‍ പ്രകാരം ഇന്ത്യക്ക് ജല സംബന്ധമായ സര്‍വേകള്‍ നടത്താന്‍ അധികാരം ഉണ്ടായിരുന്നു. മാലിദ്വീപിൻ്റെ സമുദ്ര ഗതാഗത സുരക്ഷക്കും, സാമ്പത്തിക ഉന്നമനത്തിനും, സുരക്ഷക്കും, സൈനിക സഹകരണത്തിനും ഇന്ത്യ സഹായം ഒരുക്കിയിരുന്നു. പാരസ്ഥിതിക സംരക്ഷണം, തീരദേശ നിര്‍വഹണം, ശാസ്ത്ര വിഷയങ്ങളിലെ ഗവേഷണം എന്നിവയും കരാറില്‍ ഉള്‍പ്പെട്ടിരുന്നു. ഇന്ത്യന്‍ നാവിക സേന ഇതുപ്രകാരം മൂന്ന് സര്‍വേകള്‍ നടത്തുകയും ചെയ്തു.
ഭാവിയില്‍ ജലസംബന്ധമായ മുഴുവന്‍ പരിശോധനയും ഗവേഷണവും മാലിദ്വീപ് ഒറ്റക്കാണ് ചെയ്യുകയെന്ന് പ്രസിഡണ്ടിൻ്റെ ഓഫീസ് അറിയിച്ചു. ഇതുപോലുള്ള കരാറുകള്‍ പരിശോധിക്കുമെന്നും രാജ്യത്തിന് ഗുണകരമല്ലാത്തത് ഒഴിവാക്കുമെന്നും അറിയിച്ചു.