വണ്ടിപ്പെരിയാര്‍: അപ്പീൽ നൽകാൻ പൊലീസ് 

0

വണ്ടിപ്പെരിയാറിലെ കൊലപാതക കേസില്‍ പ്രതിയെ വെറുതെ വിട്ട കോടതി വിധിക്കെതിരെ പൊലീസ് അപ്പീല്‍ നല്‍കും. ഇതുമായി ബന്ധപ്പെട്ട വിശദമായ നിയമോപദേശം തേടാനും പൊലീസ് തീരുമാനിച്ചു.

ആറുവയസ്സുകാരിയെ തുടര്‍ച്ചയായി പീഡനത്തിന് ഇരയാക്കുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് പ്രതിയായ അര്‍ജുനെ കട്ടപ്പന അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി വി മഞ്ജു വെറുതെ വിട്ടത്. കൊലപാതകം, ബലാത്സംഗം, പീഡനം എന്നിവ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് ഇന്ന് കോടതിയുടെ ഉത്തരവ്.

2021 ജൂണ്‍ 30നാണ് വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്‌റ്റേറ്റ് ലയത്തില്‍ ആറു വയസ്സുകാരിയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ഷാള്‍ കഴുത്തില്‍ കുടുങ്ങി എന്ന് കരുതിയിരുന്ന സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നപ്പോഴാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. കുട്ടി സ്ഥിരമായി പീഡനത്തിന് ഇരയായതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിലാണ് കുട്ടിയുടെ വീടിനടുത്തുള്ള അര്‍ജുനെ അറസ്റ്റ് ചെയ്യുന്നത്. പീഡനത്തിനിടെ കുട്ടി ബോധരഹിതയായപ്പോള്‍ ഷാളില്‍ കെട്ടിത്തൂക്കുക ആയിരുന്നു എന്നാണ് പൊലീസ് ഭാഷ്യം. മൂന്നു വയസ്സു മുതല്‍ കുട്ടിയെ പ്രതി പീഡനത്തിന് ഇരയാക്കിയെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം കോടതിയെ ബോധ്യപ്പെടുത്താനായില്ലെന്ന് ഉത്തരവില്‍ പറയുന്നു.