ഇന്ന് വൈകീട്ട് അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ്റെ(73) സംസ്‌ക്കാരം ഞായറാഴ്ച നടക്കും. കോട്ടയത്തെ വാഴൂരിലാണ് രാവിലെ 11ന് സംസ്‌ക്കാരം നടക്കുക.
ഇന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു കാനം രാജേന്ദ്രൻ്റെ അന്ത്യം. ഹൃദയാഘാതമാണ് മരണ കാരണം.
നാളെ രാവിലെ പ്രത്യേക വിമാനത്തില്‍ കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഭൗതീക ശരീരം കൊണ്ടുപോകും. രാവിലെ 8.30ന് ജഗതിയിലെ വീട്ടില്‍ പൊതു ദര്‍ശനം ഉണ്ടാകും. തുടര്‍ന്ന് ഉച്ചക്ക് രണ്ടു വരെ പട്ടത്തെ എഐടിയുസി ഓഫീസിലാണ് പൊതുദര്‍ശനം.
ഉച്ചക്ക് രണ്ടു മണിക്ക് വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോകും. കോട്ടയം സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനം ഉണ്ടാകും.
കോട്ടയം ജില്ലയിലെ കൂട്ടിക്കലില്‍ 1950 നവംബര്‍ 10നാണ് ജനനം. 1982ലും 87ലും വാഴൂര്‍ മണ്ഡലത്തില്‍ നിന്ന് എംഎല്‍എയായി. പിന്നീടും രണ്ടു വട്ടം മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. പിന്നീട് പൂര്‍ണ സമയം സംഘടനാ രംഗത്തേക്ക് മാറി. ഇരുപത്തി മൂന്നാം വയസ്സില്‍ എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയായ അദ്ദേഹം ഇരുപത്തിയെട്ടാം വയസ്സില്‍ സിപിഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായി. 2015 ലാണ് സംസ്ഥാന സെക്രട്ടറിയാവുന്നത്. വനജയാണ് ഭാര്യ. സ്മിത, സന്ദീപ് എന്നിവര്‍ മക്കളാണ്.