ചോദ്യത്തിന് കോഴ വാങ്ങിയെന്ന പരാതിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയെ പുറത്താക്കി ലോക്‌സഭ. എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് സഭങയില്‍ ചര്‍ച്ചക്ക് വച്ച ശേഷമാണ് നടപടി. എന്നാല്‍ തെളിവില്ലാതെയാണ് തനിക്കെതിരെയുളള നടപടിയെന്നും മോദിക്കെതിരെ ഇനിയും പ്രതികരിക്കുമെന്നും മഹുവ പറഞ്ഞു.
ലോക്‌സഭയില്‍ നടപടിക്കെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. മഹുവയെ സംസാരിക്കാന്‍ അനുവദിക്കണമെന്ന് ടിഎംസി ആവശ്യപ്പെട്ടു. എന്നാല്‍ എത്തിക്‌സ് കമ്മിറ്റിയില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചതാണെന്ന് പറഞ്ഞ് സ്പീക്കര്‍ ആവശ്യം നിരാകരിച്ചു. ഒരു എംപിയെ പുറത്താക്കാന്‍ ലോക്‌സഭക്ക് അധികാരമില്ലെന്ന വാദവും പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു.
പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷിയാണ് പ്രമേയം അവതരിപ്പിച്ചത്. ശബ്ദ വോട്ടോടെ പാസ്സായി. പ്രതിപക്ഷം വോട്ടെടുപ്പ് ബഹിഷക്കരിച്ചു. എന്നാല്‍ അദാനിക്കെതിരായ പോരാട്ടം തുടരുമെന്ന് മഹുവ മൊയ്ത്ര പറഞ്ഞു. തെളിവില്ലാതെയാണ് സഭ നടപടി എടുത്തത്. അദാനിക്കെതിരെ സംസാരിച്ചതിനാണ് താന്‍ ഇരയാക്കപ്പെട്ടത്. എന്നാല്‍ അടുത്ത 30 വര്‍ഷവും താന്‍ ഇത് തുടരുമെന്നും മഹുവ പറഞ്ഞു.