ദേശീയപാത 66, കടിക്കാട് – തളിക്കുളം റീച്ചിലെയും, തളിക്കുളം – കൊടുങ്ങല്ലൂര്‍ റീച്ചിലെയും വികസനത്തിന്റെ ഭാഗമായി നാഷണല്‍ ഹൈവേ അതോറിറ്റി പ്രോജക്ട് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം നിര്‍മ്മാണം നടക്കുന്ന ഇടങ്ങള്‍ സന്ദര്‍ശിക്കും. ഡിസംബര്‍ രണ്ടിനാണ് സന്ദര്‍ശനം. ഇതു സംബന്ധിച്ച് ടി.എന്‍ പ്രതാപന്‍ എംപിയുടെ നേതൃത്വത്തില്‍ ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്.
വിവിധ ഇടങ്ങളിലെ അടിപ്പാത നിര്‍മ്മാണം സംബന്ധിച്ച ആവശ്യങ്ങള്‍ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ യോഗത്തില്‍ ഉന്നയിച്ചു. ഇത് സംബന്ധിച്ച പ്രായോഗിക വിലയിരുത്തലും സന്ദര്‍ശനത്തില്‍ ഉണ്ടാകും. പൊതുജനങ്ങളുടെ ആവശ്യകതകള്‍ ഗൗരവ പൂര്‍ണ്ണമായി പരിഗണിക്കണമെന്ന് അധികൃതരോട് ടി.എന്‍. പ്രതാപന്‍ എംപിയും ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജയും നിര്‍ദ്ദേശിച്ചു.
ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടര്‍ കെ.എല്‍ അന്‍സുല്‍ ശര്‍മ്മ, ഡെപ്യൂട്ടി കളക്ടര്‍ പി. അഖില്‍, ദേശീയപാത അതോറിറ്റി ലെയ്‌സന്‍ ഓഫീസര്‍ കെ.ബി. ബാബു, വിവിധ ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍, കണ്‍സ്ട്രക്ഷന്‍ കമ്പനി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.