അഭിഭാഷക വൃത്തിക്ക് ചേരാത്ത രീതിയില്‍ പ്രതിഷേധിക്കുകയും അസഭ്യം പറയുകയും ചെയ്ത കോട്ടയത്തെ അഭിഭാഷകര്‍ക്കെതിരെ കടുത്ത നടപടി എടുക്കാന്‍ ഹൈക്കോടതി. വനിതാ സിജെഎമ്മിനെതിരെയാണ് ഒരു കൂട്ടം അഭിഭാഷകര്‍ കോടതിക്കുള്ളില്‍ പ്രതിഷേധിക്കുകയും അസഭ്യം പറയുകയും ചെയ്തത്.
കോട്ടയം ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് അടക്കം 29 അഭിഭാഷകർക്കെതിരെ ഹൈക്കോടതി സ്വമേധയാ ക്രിമിനല്‍ കോടതി അലക്ഷ്യത്തിന് കേസെടുത്തു. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനെതിരെ നടത്തിയ പ്രതിഷേധത്തിൻ്റെ വീഡിയോ ദൃശ്യങ്ങളും, സിജെഎം സമര്‍പ്പിച്ച റിപ്പോര്‍ട്ടും പരിഗണിച്ചാണ് ഹൈക്കോടതി നടപടി. ജസ്റ്റീസുമാരായ അനില്‍ കെ നരേന്ദ്രന്‍, ജി ഗിരീഷ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസെടുത്തത്.
അഭിഭാഷകരുടെ നടപടി ജനങ്ങള്‍ക്കിടയില്‍ നീതിന്യായ സംവിധാനത്തിന് അവമതിപ്പ് ഉണ്ടാക്കിയെന്ന് ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. കോടതിയിലേക്ക് അതിക്രമിച്ച് കയറുകയും മുദ്രാവാക്യം വിളിക്കുകയും അസഭ്യം പറയുകയും ചെയ്തത് ഒരിക്കലും അംഗീകരിക്കാനാവില്ല. അതിനാല്‍ തന്നെ ഗൗരവമായ നടപടി വേണമെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.