സംസ്ഥാനത്തെ മോട്ടോര്‍ വാഹന വകുപ്പിലെ 90 ശതമാനം എംവിഡിമാരും കൈക്കൂലിക്കാരാണെന്ന് പറയുന്നുണ്ടല്ലോ എന്ന് റോബിന്‍ ബസ് ഉടമ ഗിരീഷ്. അവരാണ് തന്നെ നിയമ ലംഘകനാണെന്ന് പറയുന്നത്. അതുകൊണ്ട് തന്നെ അവരുടെ വാക്കിന് ക്രെഡിബിലിറ്റി ഇല്ല.
അവര്‍ക്ക് എന്ത് വേണേലും ചെയ്യാമല്ലോ..അവരത് ചെയ്യട്ടെ. സൂര്യന്‍ അസ്തമിച്ചാലും 12 മണിക്കൂര്‍ കഴിഞ്ഞാല്‍ മറുവശത്ത് നിന്ന് ഉദിച്ചു വരും. വിജിലന്‍സുകാര്‍ എത്ര പിടിച്ചിട്ടും എംവിഡിമാര്‍ അഴിമതിക്കാരാണെന്ന് പറയുന്നു. ബസ്സിൻ്റെ പെര്‍മിറ്റ് റദ്ദ് ചെയ്യും, ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും എന്നൊക്കെ പറയാമെന്നല്ലാതെ കഴിയില്ല. ഇതിനെല്ലാം കൃത്യമായ നിയമങ്ങള്‍ ഉണ്ടല്ലോ.
ഞാന്‍ ചുമ്മാതിരിക്കില്ല. നിയമപരമായി എന്ത് ചെയ്യാന്‍ കഴിയുമെന്ന് കാണിച്ചു കൊടുക്കും. ഫൈനല്‍ കളി വരുന്നതേയുള്ളൂ. മൂന്ന് നാല് മാസമായി കളി തുടങ്ങിയിട്ട്. പെര്‍മിറ്റ് എടുത്തതു മുതല്‍ എന്നെ ദ്രോഹിക്കുകയാണ്. ഇത്രയൊക്കെ ദ്രോഹിച്ചിട്ടും റോബിന്‍ ബസ് ഓടിയില്ലേ. ഇനിയും ഓടും. പത്ത് ദിവസത്തിനകം ചെങ്ങന്നൂര്‍- പമ്പ ബസ് ഓടിക്കും. ബോര്‍ഡ് വെച്ച് തന്നെയാകും ബസ് സര്‍വീസ് നടത്തുക എന്നും ഗിരീഷ് പറഞ്ഞു.
പെര്‍മിറ്റ് ലംഘിച്ചു എന്ന് കാണിച്ച് റോബിന്‍ ബസ് പത്തനംതിട്ടയിൽ എംവിഡി പിടിച്ചെടുത്തിരിക്കുകയാണ്. പത്തനംതിട്ട എആര്‍ ക്യാമ്പിലാണ് ബസ് ഇപ്പോള്‍ ഉള്ളത്. വന്‍ പൊലീസ് സന്നാഹത്തോടെ എത്തിയാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ബസ് പിടിച്ചെടുത്തത്.