രാഷ്ട്രീയ കേസുകളുടെ പേരിൽ കോൺഗ്രസ് പ്രവർത്തകർ അരക്ഷിതരാവില്ല: കെ സുധാകരൻ

0

രാഷ്ട്രീയ കേസുകളുടെ പേരില്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും അര്‍ഹമായ സര്‍ക്കാര്‍ ജോലി നിഷേധിക്കപ്പെടുന്ന സാഹചര്യം ഞാന്‍ കെപിസിസി പ്രസിഡന്റായിരിക്കുന്ന കാലയളവില്‍ കേരളത്തിലുണ്ടാകില്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു സുധാകരൻ.

എൻ്റെ നാല് പതിറ്റാണ്ടു കാലത്തെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ അനുഭവച്ച ദുരവസ്ഥ എൻ്റെ കുട്ടികള്‍ക്ക് ഉണ്ടാകരുതെന്നാണ് ആത്മാര്‍ത്ഥമായ ആഗ്രഹം. പൊതു പ്രവര്‍ത്തന കാലത്തെ കേസുകള്‍ കാരണം പാട്ടളക്കാരനാകാന്‍ സാധിക്കാതെ പോയ വ്യക്തിയാണ് ഞാന്‍. ജനകീയ പോരാട്ടം നയിക്കുമ്പോള്‍ നിയമപരമായ കേസുകള്‍ സ്വാഭാവികമാണ്. അത്തരം കേസുകള്‍ ഭാവിയില്‍ പ്രവര്‍ത്തകര്‍ക്ക് ബാധ്യതയായി മാറുന്ന സഹാചര്യത്തിന് മാറ്റം ഉണ്ടാക്കും.

കേസുകളില്‍ ഉള്‍പ്പെടുമ്പോള്‍ വേണ്ടിവരുന്ന നിയമ സഹായം ചെലവേറിയതാണ്. നിര്‍ധനരായ കുടുംബത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അതിൻ്റെ ചിലവ് താങ്ങാന്‍ കഴിയില്ല. അവര്‍ക്ക് നിയമസഹായം നല്‍കേണ്ടത് പാര്‍ട്ടിയുടെ ഉത്തരവാദിത്വമാണ് എന്ന ഉറച്ച ബോധ്യമുള്ളത് കൊണ്ടാണ് പ്രവര്‍ത്തകര്‍ക്ക് സൗജന്യ നിയമസഹായം ഉറപ്പാക്കാന്‍ തീരുമാനിച്ചത്. അതിൻ്റെ ഭാഗമായിട്ടാണ് ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസിൻ്റെ നേതൃത്വത്തില്‍ നിയമ സഹായ സെല്ലിന് രൂപം നല്‍കിയത്. നാളിതുവരെ കെ.എസ്.യു -യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വിവിധ

കേസുകളില്‍ 27 ലക്ഷം രൂപ പിഴയായി നല്‍കി അവരെ സഹായിക്കാന്‍ സാധിച്ചു എന്നത് അഭിമാനത്തോടെ ഓര്‍ക്കുന്നു. ജില്ലകള്‍ തോറും പ്രവര്‍ത്തകര്‍ക്ക് നിയമസഹായം നല്‍കാന്‍ ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസിൻ്റെ നേതൃത്വത്തില്‍
ഹെല്‍പ്പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇനിയും ആവശ്യമായ സ്ഥലങ്ങളില്‍ അത്തരം സംവിധാനങ്ങള്‍ ഒരുക്കും. രാഷ്ട്രീയ എതിരാളികളുടെയും ഭരണകൂടങ്ങളുടെയും പ്രതികാര വേട്ടയ്ക്ക് കുട്ടികളെ എറിഞ്ഞ് കൊടുക്കാന്‍ കെപിസിസി ഒരുക്കമല്ല എന്ന് അടിവരയിട്ട് പറയാന്‍ താൻ ആഗ്രഹിക്കുന്നതായും സുധാകരൻ പറഞ്ഞു.