ബാലാവകാശ നിയമവും ശിശു സൗഹൃദ മാധ്യമ പ്രവര്‍ത്തനവും;
മധ്യമേഖല ദ്വിദിന ശില്‍പശാലയ്ക്ക് തൃശ്ശൂരില്‍ തുടക്കം
പരീക്ഷകളിലല്ല ജീവിതത്തില്‍ എ പ്ലസ് കരസ്ഥമാക്കുന്നതിന് കുട്ടികളെ പ്രാപ്തമാക്കുന്നതാകണം വിദ്യാഭ്യാസമെന്ന് മന്ത്രി കെ. രാജന്‍. ഇതിനായി മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും പങ്ക് വഹിക്കാനാകും. കേരള മീഡിയ അക്കാദമിയുടെയും യൂണിസെഫിൻ്റേയും സംയുക്താഭിമുഖ്യത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയൻ്റെ സഹകരണത്തോടെ നടത്തുന്ന ‘ബാലാവകാശ നിയമവും ശിശു സൗഹൃദ മാധ്യമ പ്രവര്‍ത്തനവും’ ദ്വിദിന മാധ്യമ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുട്ടികളെ വാര്‍ത്തകളില്‍ പരാമര്‍ശിക്കുമ്പോഴും വാര്‍ത്തകള്‍ക്കായി കുട്ടികളെ സമീപിക്കുമ്പോഴും മാധ്യമ പ്രവര്‍ത്തകര്‍ പുലര്‍ത്തേണ്ട ജാഗ്രത സംബന്ധിച്ച് അന്തര്‍ദേശീയ തലങ്ങളില്‍ തന്നെ അംഗീകരിക്കപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിലവിലുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും പലപ്പോഴും വീഴ്ച സംഭവിക്കുന്നു. ഈ സാഹചര്യത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രത്യേകമായി ബാലാവകാശത്തെയും ബാലനീതിയെയും വ്യാജ വാര്‍ത്ത നിര്‍മ്മിതിയെയും കുറിച്ച് മീഡിയ അക്കാദമിയും യൂണിസെഫും ഒരുക്കിയ മാധ്യമ ശില്‍പശാലകള്‍ കാലഘട്ടത്തിൻ്റെ ആവശ്യമാണ്.
വിവര സാങ്കേതിക വിദ്യയുടെ വിസ്മയകരമായ മുന്നേറ്റങ്ങളെ പ്രയോജനപ്പെടുത്തണം. എന്നാൽഇത് മാനവിക മൂല്യങ്ങളില്‍ ഊന്നികൊണ്ടാകണം. വിത്തെറിഞ്ഞാല്‍ മുളക്കാത്ത സൈബര്‍ ലോകത്തെക്കുറിച്ചുള്ള കവിപരാമര്‍ശങ്ങള്‍ ഓര്‍മ്മയില്‍ വേണമെന്നും മന്ത്രി സൂചിപ്പിച്ചു.
തൃശ്ശൂര്‍ പീച്ചി കേരള ഫോറസ്റ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മധ്യമേഖല ജില്ലകളിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കായാണ് രണ്ടു ദിവസത്തെ ശിൽപ്പശാല നടത്തുന്നത്. മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു അധ്യക്ഷനായി. സെക്രട്ടറി അനില്‍ ഭാസ്‌ക്കര്‍, വൈസ് ചെയര്‍മാന്‍ ഇ എസ് സുഭാഷ്, യൂണിസെഫ് കമ്മ്യൂണിക്കേഷന്‍ കണ്‍സള്‍ട്ടന്റ് ബേബി അരുണ്‍, കെ യു ഡബ്ല്യു ജെ സംസ്ഥാന പ്രസിഡൻ്റ് എം വി വിനീത, തൃശ്ശൂര്‍ പ്രസ് ക്ലബ് പ്രസിഡൻ്റ് ഒ രാധിക, സെക്രട്ടറി പോള്‍ മാത്യു, ഏഷ്യാനെറ്റ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എസ് ബിജു എന്നിവര്‍ സംസാരിച്ചു.