സുരേഷ് ഗോപിയ്‌ക്കെതിരായ കേസില്‍ കഴമ്പില്ലെന്ന് കണ്ടെത്തല്‍

0

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയ്‌ക്കെതിരെ വനിതാ മാധ്യമ പ്രവര്‍ത്തക നല്‍കിയ കേസില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയതായി സൂചന. വീഡിയേ ദൃശ്യങ്ങളും മൊഴികളും പരിശോധിച്ച ശേഷമാണ് ഈ നിഗമനത്തില്‍ എത്തിയത്.

ഇന്നലെ സുരേഷ് ഗോപിയെ ചോദ്യം ചെയ്തിരുന്നു. നേരത്തെ പരാതി നല്‍കിയ മാധ്യമ പ്രവര്‍ത്തകയുടേയും സാക്ഷികളുടേയും മൊഴി രേഖപ്പെടുത്തിയിരുന്നു. സംഭവ സമയത്തെ വീഡിയോ ദൃശ്യങ്ങളും പൊലീസ് വിശദമായി പരിശോധിച്ചു.
സുരേഷ് ഗോപി സൗഹാര്‍ദപരമായാണ് വനിതാ മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ കൈ വെച്ചതെന്ന് ദൃശ്യങ്ങളില്‍ നിന്ന് തന്നെ വ്യക്തമായിരുന്നു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് തൃശൂരില്‍ ഇതേ മാധ്യമ പ്രവര്‍ത്തക അന്ന് സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ് ഗോപിയെ ഇന്റര്‍വ്യു നടത്തിയിരുന്നു. ഏറെ സൗഹാര്‍ദപരമായി നടത്തിയതായിരുന്നു ആ പരിപാടി. ആ സൗഹൃദം കൊണ്ടുകൂടിയാണ് സുരേഷ് ഗോപി മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ സ്വാതന്ത്യത്തോടെ കൈ വെച്ചതെന്ന് പറയുന്നു.

എന്തായാലും കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ആ ദൃശ്യങ്ങള്‍ കണ്ട ഏവര്‍ക്കും വ്യക്തമായിരുന്നു. പൊലീസ് കൂടി ആ നിഗമനത്തില്‍ എത്തുകയാണെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. ലൈംഗികാതിക്രമം എന്ന 354 എ വകുപ്പ് നിലനില്‍ക്കില്ലെന്ന് അന്ന് തന്നെ നിയമവിദഗ്ദര്‍ പറഞ്ഞതാണ്.

എന്തായാലും ഇനി നടനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കില്ല. അടുത്ത ബുധനാഴ്ച കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുമെന്നും കരുതുന്നു.