കേരളവര്‍മ കോളേജ്: വിധി ഇന്ന്

0

വിജയിച്ച തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ കൃത്രിമം നടത്തി തോല്‍പ്പിച്ച നടപടിയില്‍ ശക്തമായി പ്രതിഷേധിക്കുന്ന കെഎസ് യുവിന് ഇന്ന് നിര്‍ണായകം. ശ്രീ കേരളവര്‍മ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് റദ്ദാക്കാന്‍ ആവശ്യപ്പെട്ട് കെ എസ് യു നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.

കേസ് പരിഗണിച്ച കോടതി വോട്ടെടുപ്പിൻ്റെ യഥാര്‍ത്ഥ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ കോടതി നേരത്തെയും ആവശ്യപ്പെട്ടിരുന്നെങ്കിലും പകര്‍പ്പുകളാണ് ഹാജരാക്കിയത്. ഇതോടെയാണ് യഥാര്‍ത്ഥ രേഖകള്‍ ഇന്ന് ഹാജരാക്കാന്‍ കോടതി ശക്തമായി ആവശ്യപ്പെട്ടത്.

യഥാര്‍ത്ഥ രേഖകള്‍ പരിശോധിച്ച ശേഷം ഹര്‍ജി ഇന്ന് തീര്‍പ്പാക്കും. എസ്എഫഐയും റിട്ടേണിംഗ് ഓഫീസറും ചേര്‍ന്ന് വോട്ടെണ്ണുമ്പോള്‍ കൃത്രിമം നടത്തി ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി എസ് ശ്രീകുട്ടനെ പരാജയപ്പെടുത്തി എന്നാണ് കെ എസ് യു ആരോപിക്കുന്നത്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടും മന്ത്രി ആര്‍ ബിന്ദുവും പിന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു എന്നും ആരോപിക്കുന്നു.