പാവറട്ടി സ്വദേശിനിയായ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി പഠന ചിലവിനായുള്ള പണം ഇരുകൈകള്‍ നീട്ടി ഏറ്റുവാങ്ങുമ്പോള്‍ നിറകണ്ണുകള്‍ തുളുമ്പുകയായിരുന്നു. സന്തോഷവും പ്രതീക്ഷകളും ദുഃഖവും അടക്കിപ്പിടിച്ച മനസ് നിറഞ്ഞു തുളുമ്പുമ്പോള്‍ സാന്നിധ്യം വഹിച്ചവരുടെയും കണ്ണുകളില്‍ ഈറനണിഞ്ഞു.
ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജയുടെ സാന്നിധ്യത്തില്‍ കേരള സൊസൈറ്റി ഓഫ് ഒഫ്താല്‍മിക് സര്‍ജനാണ് (കെ.എസ്.ഒ.എസ്) പാവറട്ടി സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയ്ക്ക് അടക്കം 6 വിദ്യാര്‍ത്ഥികള്‍ക്ക് പഠന ചിലവിനായുള്ള ധനസഹായം കൈമാറിയത്. കോവിഡ് ബാധിതരായി മാതാപിതാക്കള്‍ നഷ്ടപ്പെട്ട ജില്ലയിലെ 609 വിദ്യാര്‍ഥികളില്‍ ഒരാളായാണ് പാവറട്ടി സ്വദേശിനിയായ വിദ്യാര്‍ത്ഥിനി എത്തിയത്.
പഠന ചിലവിനായുള്ള തുക ആവശ്യമായവര്‍ക്കും കളക്ടറുടെ ഇടപെടലില്‍ കോളേജുകളില്‍ നിന്നും ഫീസ് ഇളവ് അനുവദിച്ച കുട്ടികള്‍ക്ക് ആവശ്യമായ ഹോസ്റ്റല്‍ ഫീസ്, പഠനേതര അവശ്യ ചിലവിലേക്കുള്ള തുക എന്നിവയാണ് ജില്ലാ ഭരണകൂടം കണ്ടെത്തി നല്‍കിയത്. 200 ഓളം കുട്ടികള്‍ക്ക് ഇതിനോടകം ധനസഹായം നല്‍കാന്‍ ജില്ലാ ഭരണകൂടത്തിന് കഴിഞ്ഞു.
കോവിഡ് ബാധിച്ച് മാതാപിതാക്കളോ അവരിലൊരാളോ നഷ്ടപ്പെട്ട 609 കുട്ടികള്‍ ജില്ലയിലുണ്ടെന്നാണ് കണക്ക്. ജില്ലാ ശിശു സംരക്ഷണ വിഭാഗം മുഖേന വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് അര്‍ഹരായവരെ കണ്ടെത്തുന്നത്.
കെ.സ്.ഒ.എസ് പ്രസിഡന്റ് ഡോ. സായികുമാര്‍, നിയുക്ത പ്രസിഡന്റ് ഡോ. തോമസ് ചെറിയാന്‍, ജനറല്‍ സെക്രട്ടറി ഡോ. ഗോപാല്‍ എസ്. പിള്ള, ദൃഷ്ടി ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. സി.വി. ആന്ധ്രയോസ്, ദൃഷ്ടി ചീഫ് ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. ബസ്റ്റിന്‍, ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. മെറിന്‍ പോള്‍, കെ.എസ്.ഒ.എസ് മുന്‍ പ്രസിഡന്റ് ഡോ. രാധാ രമണന്‍, ശിശു സംരക്ഷണ വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
കോവിഡ് മഹാമാരി മൂലം മാതാപിതാക്കളോ അവരിലൊരാളോ നഷ്ടപ്പെട്ട ജില്ലയിലെ കുട്ടികളുടെ തുടര്‍ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനായി ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ മുന്‍കൈയെടുത്തു നടപ്പാക്കിവരുന്ന വിദ്യാഭ്യാസ സഹായ പദ്ധതിയാണ് ടുഗെതര്‍ ഫോര്‍ തൃശ്ശൂര്‍. കഴിഞ്ഞ മെയ് 23 നാണ് പദ്ധതിക്ക് ആരംഭം കുറിച്ചത്.