ജനാധിപത്യ അട്ടിമറി നടത്തിയെന്ന ആരോപണത്തിന് പിന്നാലെ കേരളവര്‍മ കോളേജില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി കെ എസ് യു ഹൈക്കോടതിയിലേക്ക്. ഇതോടെ കേരളവര്‍മയിലെ യൂണിയന്‍ തിരഞ്ഞെടുപ്പ് മറ്റൊരു തലത്തിലേക്ക് കടക്കും.

ഇന്നലെ നടന്ന കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ചെയര്‍മാനായി കെ എസ് യുവിലെ ശ്രീകുട്ടന്‍ വിജയിച്ചിരുന്നു. ഒരു വോട്ടിൻ്റെ ലീഡാണ് ഉണ്ടായിരുന്നത്. ഇതോടെ എസ്എഫ്‌ഐ റീ കൗണ്ടിംഗ് ആവശ്യപ്പെട്ടു. അതിലും ശ്രീകുട്ടന്‍ തന്നെ വിജയിച്ചു. പിന്നാലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഹാളിലേക്ക് ഇരച്ചു കയറുകയും വീണ്ടും കൗണ്ടിംഗ് നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ പലവട്ടം കറൻ്റ് പോയി. കറൻ്റ് ഇല്ലാത്തതിനാല്‍ റീകൗണ്ടിംഗ് നിര്‍ത്തിവെക്കണമെന്ന് കെഎസ് യു ആവശ്യപ്പെട്ടു. പ്രിന്‍സിപ്പല്‍ അത് അംഗീകരിക്കുകയും കൗണ്ടിംഗ് നിര്‍ത്തുകയും ചെയ്തു.
ഇതിനിടയില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് അടക്കം വിളിച്ച് കൗണ്ടിംഗ് നടത്താന്‍ ആവശ്യപ്പെട്ടെന്നാണ് ആരോപണം. പ്രിന്‍സിപ്പലിനെ അവഗണിച്ച് റിട്ടേണിംഗ് ഓഫീസറായ സംസ്‌കൃതം അധ്യാപകന്‍ നാരായണന്‍ കൗണ്ടിംഗ് ആരംഭിച്ചു. കെ എസ് യു സ്ഥാനാര്‍ത്ഥിയുടെ പല വോട്ടുകളും അസാധുവായി പ്രഖ്യാപിച്ചായിരുന്നു വോട്ട് എണ്ണല്‍ എന്ന് അവര്‍ കുറ്റപ്പെടുത്തി. ഇതോടെ റീകൗണ്ടിംഗ് കെ എസ് യു ബഹിഷ്‌ക്കരിച്ചു, എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥി വിജയിച്ചതായി റിട്ടേണിംഗ് ഓഫീസര്‍ പ്രഖ്യാപിക്കുകയും ചെയ്തു.
കെ എസ് യു വോട്ടുകള്‍ അസാധുവാക്കുകയും എസ്എഫ്‌ഐ വോട്ടുകള്‍ക്ക് മറ്റൊരു നിയമവുമാണ് റിട്ടേണിംഗ് ഓഫീസര്‍ നടത്തിയതെന്ന് കെ എസ് യു ആരോപിക്കുന്നു. കൂടാതെ വൈദ്യുതി ഇല്ലാതെ റീകൗണ്ടിംഗിനിടെ ബാലറ്റ് എണ്ണം കൂടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കോളേജില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്നത്. സിപിഎം അധ്യാപകരുടെ വികല മനസ്സാണ് കേരളവര്‍മയില്‍ കണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചിരുന്നു.




































