HomeKeralaകേരളവർമയിലെ ജനാധിപത്യ അട്ടിമറിയിൽ കാലം കണക്ക് ചോദിക്കും: പ്രതിപക്ഷ നേതാവ്

കേരളവർമയിലെ ജനാധിപത്യ അട്ടിമറിയിൽ കാലം കണക്ക് ചോദിക്കും: പ്രതിപക്ഷ നേതാവ്

കേരളവർമയിൽ ജനാധിപത്യം അട്ടിമറിച്ചവരോട് കാലം കണക്ക് ചോദിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കാഴ്ചപരിമിതിയുള്ള വിദ്യാർത്ഥിയുടെ വിജയം അംഗീകരിക്കാതെ ജനാധിപത്യം അട്ടിമറിക്കുകയായിരുന്നു സിപിഎമ്മിന് വിടുപണി ചെയ്യുന്ന അധ്യാപകർ. ശ്രീകുട്ടൻ്റെ കണ്ണിലും ഹൃദയത്തിലും തിളങ്ങുന്ന വെളിച്ചമുണ്ടെന്നും അവൻ്റെ വിജയം അട്ടിമറിച്ചവരുടെ മനസ്സിലാണ് ഇരുട്ടുള്ളതെന്നും വി ഡി സതീശൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റ്
കേരളവർമ്മയിൽ ശ്രീകുട്ടൻ്റെ വിജയം ജനാധിപത്യത്തിൻ്റെ വിജയമായിരുന്നു. അത് കേരളവർമ്മയിലെ കുട്ടികളുടെ തീരുമാനമായിരുന്നു. വിജയം അംഗീകരിക്കാതെ പാതിരാത്രിയിലും റീ കൗണ്ടിംഗ് നടത്തി ജനാധിപത്യത്തെ അട്ടിമറിക്കുകയായിരുന്നു എസ്എഫ്ഐ. അതിന് കൂട്ടുനിന്നത് രാഷ്ട്രീയ തിമിരം ബാധിച്ച ചില അധ്യാപകരും.
എന്ത് കാരണത്താൽ കെ എസ് യുവിന് ലഭിച്ച വോട്ടുകൾ അസാധുവാകുന്നുവോ അതേ കാരണത്താൽ എസ്എഫ്ഐ വോട്ടുകൾ സാധുവാകുന്ന മായാജാലമാണ് കേരള വർമ്മയിൽ കണ്ടത്. റീ കൗണ്ടിംഗ് സമയത്ത് രണ്ട് തവണ വൈദ്യുതി നിലച്ചു. ആ സമയത്ത് ഇരച്ചുകയറിയ SFI ക്രിമിനലുകൾ അവിടെ ജനാധിപത്യത്തെ കശാപ്പ് ചെയ്തു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ കെ എസ് യുവിന് തടയിടാൻ ശ്രമിച്ചവരാണ് കേരള വർമ്മയിലെ റിട്ടേണിംഗ് ഓഫീസറും അദ്ദേഹത്തെ നിയന്ത്രിക്കുന്ന ഡിവൈഎഫ്ഐ നിലവാരമുള്ള മറ്റൊരു അധ്യാപകനും. അധ്യാപകൻ എന്നത് മഹനീയമായ പദവിയാണ്. അത് സി.പി.എമ്മിന് വിടുപണി ചെയ്യാനുള്ളതല്ല. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോയിട്ടില്ലെന്ന് ഓർത്തോളൂ.
ശ്രീകുട്ടന്റേയും കെ.എസ്.യു വിൻ്റേയും പോരാട്ടം കേരള വർമ്മയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത അധ്യായമാകും. കാഴ്ച പരിമിതിയുള്ള ശ്രീക്കുട്ടൻ്റെ കണ്ണിലും ഹൃദയത്തിലും തിളങ്ങുന്ന വെളിച്ചമുണ്ട്. ഇരുട്ട് ബാധിച്ചിരിക്കുന്നത് അവൻ്റെ വിജയം അട്ടിമറിച്ചവരുടെയും അതിന് കൈക്കോടാലിയായി നിന്നവരുടേയും മനസിലാണ്.
കെ എസ് യു പോരാളികൾക്ക് ഹൃദയാഭിവാദ്യങ്ങൾ. പോരാട്ടം തുടരുക. കേരളം ഒപ്പമുണ്ട്.

Most Popular

Recent Comments