കെ.പി. സി.സി യുടെ പുസ്തക പ്രസിദ്ധീകരണ വിഭാഗമായ പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് സമഗ്ര സാഹിത്യ സംഭാവനക്കായി ഏര്‍പെടുത്തിയ പ്രഥമ പ്രിയദര്‍ശിനി സമഗ്ര സാഹിത്യ പുരസ്‌കാരം പ്രമുഖ കഥാകൃത്ത് ടി പത്മനാഭന്. അടൂര്‍ ഗോപാലകൃഷ്ണന്‍ ജൂറി ചെയര്‍മാന്‍ ആയ കമ്മിറ്റിയുടേതാണ് തീരുമാനം.
ഒരു ലക്ഷം രൂപയും ആര്‍ട്ടിസ്റ്റ് ബി ഡി ദത്തന്‍ രൂപകല്‍പ്പന ചെയ്ത ശില്പവും പ്രശംസാ പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡിസംബറില്‍ പുരസ്‌കാര ദാന ചടങ്ങ് നടക്കും.
യു.കെ. കുമാരന്‍ , ഗ്രേസി , സുധാ മേനോന്‍ ,അഡ്വ. പഴകുളം മധു എന്നിവര്‍ ആണ് അവാര്‍ഡ് നിര്‍ണ്ണയ സമിതിയിലെ മറ്റ് അംഗങ്ങൾ.
മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ പേരിലാണ് പുരസ്‌കാരം നല്‍കുന്നത്. നവതി പിന്നിട്ട പത്മനാഭൻ്റെ സമഗ്രമായ സാഹിത്യ സംഭാവനകളും ശ്രദ്ധേയ ഇപെടലുകളം കണക്കിലെടുത്താണ് ജൂറി പുരസ്‌കാരത്തിന് പരിഗണിച്ചതെന്ന് ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
സാഹിത്യത്തിലും സാംസ്‌കാരിക തലത്തിലും വേറിട്ട രീതികള്‍ക്ക് തുടക്കം കുറിച്ച പത്മനാഭന്‍ ഒരു കാലഘട്ടത്തിൻ്റെ വക്താവു കൂടിയാണ്. സാഹിത്യ മേഖലയില്‍ പ്രത്യേകിച്ച് കഥാ സാഹിത്യ രംഗത്ത് ചെലുത്തിയ സ്വാധീനം, ജനപക്ഷ നിലപാടുകള്‍ , ശക്തമായ പ്രതികരണങ്ങള്‍ , പുതിയ ആഖ്യാന ശൈലി തുടങ്ങിയവ പത്മനാഭൻ്റെ എടുത്തു പറയത്തക്ക സവിശേഷതകളാണ്.
വാര്‍ത്താസമ്മേളനത്തില്‍ അടൂര്‍ ഗോപാലകൃഷ്ണൻ, പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് വൈസ് ചെയര്‍മാൻ അഡ്വ. പഴകുളം മധു , സെക്രട്ടറി ബിന്നി സാഹിതി എന്നിവർ പങ്കെടുത്തു.