കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ സമ്മേളന സ്ഥലത്തുണ്ടായ സ്‌ഫോടനത്തില്‍ മരണം മൂന്നായി. നാലു പേരുടെ നില അതിഗുരുതരമാണ്. മലയാറ്റൂര്‍ സ്വദേശി 12 വയസ്സുള്ള ലിബിനയാണ് മൂന്നാമത് മരിച്ചത്. എറണാകുളം കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ്, തൊടുപുഴ സ്വദേശി കുമാരി എന്നിവരാണ് നേരത്തെ മരിച്ചത്.
ഫോര്‍മാനാണ് പ്രതിയായ ഡൊമിനിക് മാര്‍ട്ടിന്‍. ഇയാള്‍ക്ക് യഹോവ സാക്ഷി സംഘടനയോട് ഉണ്ടായ എതിര്‍പ്പാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ് ഇയാളുടെ മൊഴി. യൂട്യൂബില്‍ നോക്കിയാണ് ബോംബ് ഉണ്ടാക്കാന്‍ പഠിച്ചത്. തമ്മനത്തെ ഇയാളുടെ വീട്ടില്‍ വെച്ച് തന്നെയാണ് സ്‌ഫോടക വസ്തു നിര്‍മിച്ചത്.
എന്നാല്‍ ഇയാള്‍ ഒറ്റക്കാണോ സ്‌ഫോടനം ആസൂത്രണം ചെയ്തതും നടത്തിയതും എന്നതില്‍ വിശദമായ അന്വേഷണം നടക്കുകയാണ്. കേന്ദ്ര ഏജന്‍സികളായ എന്‍എസ്ജി, എന്‍ഐഎ തുടങ്ങിയവരുടെ അന്വേഷണവും കാര്യക്ഷമമായി മുന്നേറുന്നു. ഇന്നലെ എത്തിയ കേന്ദ്ര സംഘങ്ങള്‍ ഇന്ന് രാവിലെ സംഭവ സ്ഥലത്ത് എത്തി പരിശോധന പുനരാരംഭിച്ചിട്ടുണ്ട്.